എറണാകുളം : കൊല്ലം കുന്നത്തൂരിലെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താനാകില്ലെന്ന് ഹൈക്കോടതി. പരിപാടി നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി കോടതി റദ്ദാക്കി. ക്ഷേത്ര മൈതാനത്ത് നവകേരള സദസ് സംഘടിപ്പിക്കുന്നതിനെതിരെ ഒരു കൂട്ടം ഭക്തര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
ക്ഷേത്ര പരിസരത്ത് നവകേരള സദസ് നടത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി പരിപാടിയ്‌ക്കായി കെട്ടിയ പന്തല്‍ ക്ഷേത്രത്തിന് തൊട്ടടുത്താണെന്നും ചൂണ്ടിക്കാട്ടി. ക്ഷേത്ര പരിസരം ആരാധനാവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും മുൻകാല വിധികൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഓർമ്മിപ്പിച്ചു.
ഡിസംബര്‍ 18നാണ് ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പരിപാടി നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭക്തര്‍ ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്ര ഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ മറ്റ് പരിപാടികള്‍ക്ക് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ക്ഷേത്രത്തിലെ ചാമുണ്ഡേശ്വരി നടയ്‌ക്കും ആല്‍ത്തറയ്‌ക്കും സമീപമാണ് നവകേരള സദസ് നടത്തുന്നതെന്നും അത് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ പന്ത്രണ്ട് വിളക്കിനെ ബാധിക്കുമെന്നും പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഭക്തര്‍ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ ആരാധനാക്രമങ്ങളെ പരിപാടി ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Also Read : ക്ഷേത്ര മൈതാനത്തെ നവകേരള സദസ് തടയണം; ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും
കോടതി നിര്‍ദേശിച്ചാല്‍ ക്ഷേത്രത്തില്‍ നിന്നും അകലം പാലിച്ച് പരിപാടി നടത്താമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് പരിപാടി സംഘടിപ്പിക്കാനുള്ള ദേവസ്വം ബോര്‍ഡ് അനുമതി റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്.