എറണാകുളം : തടവുകാർ ജയിലിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്ന് ഹൈക്കോടതി (HC On Kannur Central Jail). രാഷ്ട്രീയ തടവുകാരെ ചേരിതിരിച്ച് പാർപ്പിച്ച കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരെ വിമർശിച്ചാണ് ഹൈക്കോടതി ഉത്തരവ്. ജയിലിനുള്ളിൽ വച്ച് സിപിഎം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് വിമർശനം.
ജയിലിനുള്ളിൽ വച്ചുണ്ടായ സംഘർഷത്തിലായിരുന്നു രവീന്ദ്രൻ കൊല്ലപ്പെട്ടത് (politics inside Kannur central jail). ഇത്തരം കുറ്റകൃത്യം സംഭവിച്ചത് രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിൽ തടവുപുള്ളികളെ പാർപ്പിച്ചത് കൊണ്ടാണെന്നും കോടതി കുറ്റപ്പെടുത്തി. എന്തുകൊണ്ട് ഇങ്ങനെ കണ്ണൂർ സെൻട്രൽ ജയില്‍ അധികൃതർ ചെയ്‌തു എന്ന് മനസിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ജയിൽ പരിപാലനം സംബന്ധിച്ച കേരള പ്രിസൺസ് ആന്‍ഡ് കറക്ഷണൽ സർവീസസ് ആക്‌ട് കൃത്യമായി കേരളത്തിലെ ജയിലുകളിൽ നടപ്പാക്കണമെന്ന് ജയിൽ ഡിജിപിക്കും കോടതി നിർദേശം നൽകി. ജയില്‍ അധികൃതർക്കെന്ന പോലെ തടവുകാരും ജയിലിലെ നാല് ചുവരുകൾക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ പാടുള്ളതല്ല.
ജയില്‍ അധികൃതരും നിയമാനുസൃതം പ്രവർത്തിക്കണം. തടവുകാരുടെ പരാതികൾ കേൾക്കണം, തടവുകാരോട് നിഷ്‌പക്ഷമായും മനുഷ്യത്വപരമായും പെരുമാറണം, ജയിലിനുള്ളിലെ അച്ചടക്കം പാലിക്കപ്പെടാനും അധികൃതർ ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവിട്ടു. സർക്കാർ അന്വേഷണ സംവിധാനത്തിന്‍റെ ഉത്തരവാദിത്തവും കടമയും കോടതി പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട്.
ന്യായപരവും സത്യം വെളിപ്പെടുന്നതിനും ആകണം അന്വേഷണം. അന്വേഷണം നിഷ്‌പക്ഷമാകണം എന്നും മേൽക്കോടതി ഉത്തരവിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. 2004 ഏപ്രിൽ ആറിനായിരുന്നു കേസിന് ആസ്‌പദമായ സംഭവം (political murders inside Kannur central jail). ജയിലിന് അകത്തുവച്ച് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയിലാണ് രവീന്ദ്രന്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ ആമ്പിലോട്ട് ചാലില്‍ പവിത്രന്‍, കോയിപ്രവന്‍ വീട്ടില്‍ അനില്‍ കുമാര്‍, പി വി അശോകന്‍, കുഞ്ഞിപ്പറമ്പത്ത് രഘു, സനല്‍ പ്രസാദ്, ദിനേശന്‍ പി കെ, തരശിയില്‍ സുനി, കാഞ്ഞിരത്തിങ്കല്‍ ഫല്‍ഗുണന്‍, കൊട്ടക്ക ശശി എന്നിവരായിരുന്നു കുറ്റാരോപിതര്‍. 2019 ൽ കീഴ്‌ക്കോടതി ഒന്‍പത് ആർഎസ്എസ് പ്രവർത്തകര്‍ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ അനുവദിച്ച ഹൈക്കോടതി ജീവപര്യന്തം റദ്ദാക്കി.