എറണാകുളം : മോൻസൺ മാവുങ്കലിനെതിരായ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. മോൻസണെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമല്ല അറിയേണ്ടത്. ഡിജിപിയുടെ സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
മോൻസണെതിരായ അന്വേഷണം കാര്യക്ഷമമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മോൻസന്‍റെ വീട്ടിൽ സന്ദർശനം നടത്തിയ ഉദ്യോഗസ്ഥർ എന്തുകൊണ്ട് അവിടെ കാണപ്പെട്ട പുരാവസ്തുക്കൾ രജിസ്റ്റർ ചെയ്യപ്പെട്ടതാണോയെന്ന് അന്വേഷിച്ചില്ലന്ന് കോടതി ചോദിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിട്ട് മോൻസൺ എല്ലാവരെയും കബളിപ്പിച്ചു. ഡിജിപിക്ക് സംശയം തോന്നിയ സന്ദർഭത്തിൽ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും കോടതി ആരാഞ്ഞു.
ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെക്കുറിച്ച് സത്യവാങ്മൂലത്തിൽ വ്യക്തതയില്ല. മോൻസണെതിരെ സംശയം തോന്നി അന്വേഷണം നടത്താൻ ഡിജിപി കത്ത് നൽകിയ ശേഷമല്ലേ മോൻസൺ പൊലീസ് സംരക്ഷണം തേടി കത്ത് നൽകിയത്.മോൻസന്‍റെ വീട്ടിൽ പോയ പൊലീസ് ഉദ്യോഗസ്ഥർ പുരാവസ്തു നിയമത്തെ കുറിച്ച് എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
ALSO READ:ഈ മാസം അവസാനിക്കുന്ന വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
എല്ലാ സംവിധാനങ്ങളെയും മോൻസൺ തന്നിഷ്ടത്തിന് ഉപയോഗിച്ചു. ഡിജിപി കത്ത് നൽകിയിട്ടും റിപ്പോർട്ട് നൽകാൻ എട്ട് മാസം എടുത്തത് എന്ത് കൊണ്ടാണെന്ന് ചൊദിച്ച കോടതി, മോൻസണെതിരായി മുൻ ഡിജിപി ഇന്‍റലിജൻസിന് അയച്ച കത്തുൾപ്പടെ ഹാജരാക്കാൻ സർക്കാരിന് നിർദേശവും നൽകി.
പ്രവാസി സംഘടനയുടെ സാന്നിധ്യത്തെക്കുറിച്ച് ഡിജിപിയുടെ സത്യവാങ്മൂലത്തിൽ പറയാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, കോടതി ചോദിക്കാത്ത കാര്യങ്ങൾക്ക് മറുപടി നൽകാൻ പരിമിതിയുണ്ടെന്ന് സർക്കാർ അറിയിച്ചു.
അതേസമയം കേസ് ഹൈക്കോടതി നവംബർ 11ന് പരിഗണിക്കാനായി മാറ്റി. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കലിനെതിരെ കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മോൻസൻ്റെ അറിവോടെ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുൻ ഡ്രൈവർ അജിത് സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശപ്രകാരം പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്.