എറണാകുളം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍, പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജില്ല സെഷൻസ് കോടതി കഴിഞ്ഞ ദിവസം പി.സിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതില്‍, വസ്‌തുതകൾ പരിഗണിക്കാതെയാണ് ജില്ല സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നായിരുന്നു മുന്‍ എം.എല്‍.എയുടെ ആരോപണം.
മതസൗഹാർദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചിട്ടില്ല. കേസ് രാഷ്ട്രീയ പ്രേരിതമെന്നും ഹർജിയിൽ പറയുന്നു. മെയ് എട്ടിനാണ്, കേസിനാസ്‌പദമായ സംഭവം. എറണാകുളം വെണ്ണല ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്. പാലാരിവട്ടം പൊലീസാണ് ജോര്‍ജിനെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തത്.
ALSO READ| വെണ്ണല വിദ്വേഷ പ്രസംഗം: പി.സി ജോർജിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
അതേസമയം, കേസില്‍ പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് മെയ് 18ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പി.സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ മുന്‍പും ശക്തമായി എതിര്‍ത്തിരുന്നു.