എറണാകുളം: കേരളത്തിലെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്നു. സ്ത്രീധനം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികൾക്കിടയിൽ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സര്‍വകലാശാലായില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ ആരംഭിക്കുമെന്നും യോഗത്തിന് ശേഷം ഗവർണർ പറഞ്ഞു.
സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമായിരിക്കണം സര്‍വകലാശാല പ്രവേശനം. ഇതിനായി പ്രവേശന സമയത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരായ ബോണ്ടിൽ ഒപ്പ് വെക്കണം. സ്ത്രീധനത്തിനെതിരായി ശക്തമായ ക്യാംപയിൻ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളും ആരംഭിക്കുമെന്നും ഗവർണർ പറഞ്ഞു.
സര്‍വകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണം. വിസിമാരുടെ യോഗത്തിൽ ക്രിയാത്മകമായ പല നിർദേശങ്ങളും ഉയർന്ന് വന്നുവെന്നും ഈ മാസം 21 ന് തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്ര കുഴല്‍പ്പണക്കേസ് അട്ടിമറിക്കാനെന്ന് കെ.സുധാകരന്‍
കാലടി സർവകലാശാലയിലെ ഉത്തരക്കടലാസ് നഷ്ട്ടപ്പെട്ട സംഭവത്തിൽ ഇതുവരെയും പരാതി കിട്ടിയിട്ടില്ലന്നും വീഴ്‌ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഗവർണർ അറിയിച്ചു. അതേസമയം, വിസിമാരുടെ യോഗം നടന്ന എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ ഭാര്യയായ സംസ്‌കൃത അധ്യാപികയെ കേരള സർവകലാശാലയിൽ മലയാളം മഹാനിഘണ്ടു എഡിറ്ററായി നടത്തിയ നിയമനം റദ്ദാക്കുക, എംജി സർവകലാശാലയിലെ ഉത്തര പേപ്പർ നഷ്‌ടപെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുക, സംസ്‌കൃത സർവകലാശാലയിലെ ഉത്തര പേപ്പർ നഷ്‌ടമായ സംഭവത്തിൽ കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ച് ഗസ്റ്റ് ഹൗസ് പരിസരത്ത് വച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത് നീക്കി.