എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. സംഭവത്തിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ കസ്റ്റംസ് ഇൻ്റലിജൻസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. 36 ലക്ഷം രൂപ വില വരുന്ന ഒന്നേകാൽ കിലോ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ അടി വസ്ത്രത്തിലും ശരീരത്തിലുമായാണ് ഒളിപ്പിച്ചിരുന്നത്. ഇയാൾ ഗൾഫ് എയർ വിമാനത്തിലാണ് ബഹറിനിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയത്.
തിരുവനന്തപുരം വഴിയുള്ള സ്വർണ്ണക്കടത്തിനെതിരെ ഡി.ആർ.ഐയും എയർ കസ്റ്റംസ് വിഭാഗവും നടപടി ശക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് കൊച്ചി വഴിയുള്ള സ്വർണ്ണക്കടത്ത് വർധിച്ചത്. ഈ മാസം മാത്രം ഇതുവരെ പത്തിലധികം യാത്രക്കാരെയാണ് എയർ കസ്റ്റംസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ചെറിയ അളവിൽ സ്വർണ്ണം കടത്തുന്ന ക്യാരിയർമാർ മനപൂർവ്വം കസ്റ്റംസിന് പിടി കൊടുക്കുന്നതായി സംശയം ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറ്റുകയും ഇതിൻ്റെ മറവിൽ വലിയ തോതിൽ സ്വർണ്ണക്കടത്ത് നടത്തുന്നതിനുമാണ് മാഫിയകളുടെ ശ്രമമെന്നാണ് വിലയിരുത്തൽ.