എറണാകുളം : പൊതുപ്രവർത്തകന്‍ ഗിരീഷ് ബാബുവിനെ കളമശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം (Gireesh Babu Found Dead). പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കും.
തലച്ചോറിലേക്കുള്ള രക്ത കുഴലിൽ ബ്ലോക്കിനെ തുടർന്ന് നേരത്തെ ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഗിരീഷ് ബാബു തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ നേതാക്കൾ ആരോപണ വിധേയരായ നിരവധി കേസുകളിൽ പരാതിക്കാരനായാണ് ഗിരീഷ് ബാബു അറിയപ്പെട്ടത്.
പാലാരിവട്ടം പാലം നിർമ്മാണത്തിലെ ക്രമക്കേടിൽ (Palarivattom Flyover Scam) മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നിരന്തരം നിയമ പോരാട്ടം നടത്തിയ വ്യക്തി കൂടിയാണ് ഗിരീഷ്. വിജിലൻസിനും, എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനും പരാതി നൽകിയതും അദ്ദേഹമായിരുന്നു. ഏറ്റവുമൊടുവിൽ മാസപ്പടി വിവാദത്തിൽ (Monthly Quota Allegations) മുഖ്യമന്ത്രിക്കും മകൾക്കും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കുമെതിരെ ഗിരീഷ് ബാബു നിയമ പോരാട്ടം തുടങ്ങിയിരുന്നു.
ഈ കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി (Vigilance and Anti Corruption Court Muvattupuzha on Masappadi Controversy) തന്‍റെ പരാതി തള്ളിയതിന് പിന്നാലെ ഹൈക്കോടതിയെയും (Kerala High Court On Masappadi Controversy) ഗിരീഷ് സമീപിച്ചിരുന്നു. ഹൈക്കോടതിയും തള്ളിയതിന് പിന്നാലെ ഗിരീഷ് നൽകിയ പുനഃപരിശോധന ഹർജി ഇന്ന് (സെപ്‌റ്റംബര്‍ 18) വീണ്ടും പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.
അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഉറക്കം കെടുത്തിയ ഒറ്റയാൾ പോരാളിയായിരുന്നു ഗിരീഷ് ബാബു . സാധാരണക്കാരനായ അദ്ദേഹം വിവരാവകാശ പ്രവർത്തകൻ കൂടിയാണ്. സിനിമ മേഖലയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ്, സിഎംആർഎൽ കമ്പനി ഡയറക്‌ടർ ഉൾപ്പടെയുള്ളവർക്കെതിരെ ആയിരുന്നു ഗിരീഷ് ബാബു പരാതി നല്‍കിയത്. സംഭവത്തില്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്കായിരുന്നു ഗിരീഷ് ബാബു പരാതി കൈമാറിയിരുന്നത്. തന്‍റെ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നതാണ്.
രാഷ്ട്രീയ നേതാക്കൾ കൈക്കൂലിയിട്ടാണ് പണം വാങ്ങിയതെന്നും വിവാദ കമ്പനിയെ വഴിവിട്ട് സഹായിക്കുന്നതിനായാണ് ഇവരുടെ നടപടിയെന്നുമായിരുന്നു സംഭവത്തില്‍ ഗിരീഷ് ബാബു ഉന്നയിച്ചിരുന്ന ആരോപണം.