എറണാകുളം: കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ തെളിവെടുപ്പ് ആരംഭിച്ചു. മൂന്നാം പ്രതി എം.എം അൻവറിനെ അയ്യനാട് സർവീസ് ബാങ്കിലെത്തിച്ചാണ് തെളിവെടുക്കുന്നത്. കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അൻവറും ഭാര്യയും ചേർന്ന് പത്തര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. അയ്യനാട് സർവീസ് ബാങ്കിലെ ജീവനക്കാരിയായ അൻവറിന്‍റെ ഭാര്യ കൗലത്ത് ഈ കേസിലെ നാലാം പ്രതിയാണ്.
മൂന്ന് മാസമായി ഒളിവിൽ കഴിയുകയായിരുന്ന ഇരുവരും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അൻവറിന്‍റെ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. നാലാം പ്രതിയായ കൗലത്തിന് കോടതി ജാമ്യം അനുവദിക്കുകയും ഇവരോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. കലക്‌ടറേറ്റ് ജീവനക്കാരനായിരുന്ന ഒന്നാം പ്രതി വിഷ്‌ണു പ്രസാദ് രണ്ടു തവണയായി അൻവറിന്‍റെ അയ്യനാട് ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നാണ് കേസ്. ബാങ്ക് ജീവനക്കാരിയായ ഭാര്യയുടെ സഹായവും അൻവറിന് ലഭിച്ചിരുന്നു