എറണാകുളം: മലയാളികളുമായി ബഹ്‌റെനില്‍ നിന്നുള്ള ആദ്യത്തെ ഫ്ലൈറ്റ് ഇന്ന് കൊച്ചിയിലെത്തും. പ്രദേശിക സമയം വൈകിട്ട് നാലര മണിക്ക് മനാമയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെടും. നാലു മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിലെത്താൻ യാത്രക്കാർക്ക് നിർദേശം നൽകിയിരുന്നു. രാത്രി 11.30 യോടെ കൊച്ചിയിലെത്തുന്ന വിമാനത്തിൽ 180 ഓളം യാത്രക്കാരാണുണ്ടാവുക. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട lX 474 എയർ ഇന്ത്യാ വിമാനമാണ് യാത്രക്കാരെ കൊച്ചിയിലെത്തിക്കുന്നത്.
ബഹ്‌റെന്‍ വിമാനത്താവളത്തിൽ യാത്രക്കാരെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കും. രോഗലക്ഷണങ്ങളില്ലാത്തവർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക. കൊച്ചിയിലെത്തുന്ന യാത്രക്കാരെ കർശനമായ നിയന്ത്രണങ്ങളോടെ പരിശോധനയ്ക്ക് വിധേയമാക്കും. രോഗലക്ഷണങ്ങൾ ഉള്ളവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. എറണാകുളം ജില്ലയിൽ നിന്നുള്ളവരെ കളമശ്ശേരിയിൽ പ്രത്യേകം സജ്ജമാക്കിയ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും. മറ്റുള്ളവരെ അതത് ജില്ലകളിലെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കെഎസ്ആർടിസി ബസുകളിൽ സാമൂഹ്യ അകലം പാലിച്ച് പൊലീസ് അകമ്പടിയോടെയായിരിക്കും പ്രവാസികളെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിൽ എത്തിക്കുക.