എറണാകുളം: റബര്‍ റീസൈക്ലിങ് യൂണിറ്റിൽ വൻതീപിടിത്തം. കരിമുകളിന് സമീപം ഇന്ന് ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ റീസൈക്ലിങ് യൂണിറ്റ് പൂർണമായും കത്തിനശിച്ചു. സമീപത്തെ മാലിന്യക്കൂമ്പാരം കത്തിച്ചതിൽ നിന്ന് തീപടർന്നുവെന്നാണ് നിഗമനം. തീപിടിത്തമുണ്ടായ ഷെഡിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചത് തീ ആളിപടരുന്നതിന് കാരണമായി. അഞ്ച് ഫയർഫോഴ്‌സ് യൂണിറ്റുകളിൽ നിന്നുള്ള ആറ് ഫയർ എഞ്ചിനുകൾ രണ്ടരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതോടൊപ്പം ബിപിസിഎല്ലില്‍ നിന്നുള്ള ഫോം സ്പ്രേ ചെയ്യുന്ന എഞ്ചിൻ കൂടിയെത്തിയാണ് തീ പൂർണമായും അണച്ചത്.
ചെരുപ്പ് നിർമാണത്തിനിടെയുണ്ടാകുന്ന അവശിഷ്‌ടങ്ങളും പഴയ ചെരുപ്പുകളും റീസൈക്ലിങിന് വിധേയമാക്കുന്ന പ്രവർത്തനമാണ് യൂണിറ്റിൽ നടക്കുന്നത്. വാത്യാത്ത് അലിയാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള യൂണിറ്റിൽ ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥാപനം അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാപന ഉടമക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഫയര്‍ ഫോഴ്‌സിന്‍റെ അവസരോചിതമായ ഇടപെടലിലൂടെ സമീപത്തുള്ള പ്ലൈവുഡ് ഫാക്‌ടറിയിലേക്കും വീടുകളിലേക്കും തീപടരുന്നത് തടയാനായി.