എറണാകുളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ കേബിൾ ടി.വി ടെക്‌നീഷ്യനു പരിക്കേറ്റു. വടാട്ടുപാറ നെടുവക്കാട്ട് ബൈജുവിനാണ് പരുക്കേറ്റത്. ബൈജുവിനെ കോതമംഗലം ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭൂതത്താൻകെട്ട് - വടാട്ടുപാറ റൂട്ടിൽ ഭൂതത്താൻകെട്ട് ചെക്ക് പോസ്റ്റിനു സമീപം ഇന്നലെ (വ്യാഴം) രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ടെക്‌നീഷ്യനായ ബൈജു ജോലി കഴിഞ്ഞ് വടാട്ടുപാറയിലുള്ള വീട്ടിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു.
കാട്ടിൽ നിന്നും പന്നി ബൈജുവിന്‍റെ വാഹനത്തിലേക്ക് ചാടി വീണു. നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞു. ബൈജുവിന്‍റെ ഇടതു കാലിനും വലതു കൈയ്‌ക്കും പൊട്ടലുണ്ട്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റു.
ALSO READ:മുറിയടച്ച് വിവസ്‌ത്രയാക്കി നിരന്തരം മർദനം; നാലാം ക്ലാസുകാരിക്ക് ട്യൂഷൻ അധ്യാപികയുടെ ചൂരൽ പ്രയോഗം
രാത്രികാലങ്ങളിൽ വടാട്ടുപാറ ഭാഗത്ത് വന്യജീവി ശല്യം രൂക്ഷമാണ്. രണ്ടാഴ്‌ച മുൻപ് മ്ലാവ് വട്ടംചാടി മറ്റൊരു ബൈക്ക് യാത്രകനും പരിക്കേറ്റിരുന്നു. റോഡിന് ഇരുവശത്തുമുള്ള ലൈറ്റുകൾ പ്രകാശിക്കാത്തത് മൂലം ഇതുവഴിയുള്ള യാത്ര ദുസഹമാണെന്നും ബൈജു പറയുന്നു.