എറണാകുളം: അനധികൃതമായി വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്ന 272 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവും വാഹനങ്ങളും പിടികൂടി ഞാറയ്ക്കൽ പൊലീസ്. സ്ത്രീയും പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ ആറുപേരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ, സ്‌കൂട്ടർ അടക്കമുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്.
എടവനക്കാട് സ്വദേശിനി മിനിമോൾ (മീനാക്ഷി 50), എളങ്കുന്നപ്പുുഴ സ്വദേശി സുമേഷ് (ജീമോൻ 46), ജോഷി (57), ബീച്ച് റോഡ് സ്വദേശി സുനി (സുനിൽകുമാർ 49), സുധീർ ബാബു (48), 17കാരൻ എന്നിവരാണ് പിടിയിലായത്. മുനമ്പം ഡിവൈഎസ്‌പി എംകെ മുരളി, ഞാറയ്ക്കൽ പൊലീസ് ഇൻസ്പെക്‌ടർ എഎൽ യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്‌തത്.
മിനിമോളുടെ പക്കൽ നിന്നും 7.9 ലിറ്ററും, ജീമോന്‍റെ പക്കല്‍ നിന്നും എട്ട് ലിറ്ററും 17കാരന്‍റെ സ്‌കൂട്ടറിൽനിന്ന് 9.5 ലിറ്ററും, ജോഷിയുടെ വീട്ടിൽ നിന്നും 41.5 ലിറ്ററും, സുനിലിന്‍റെ ഓട്ടോറിക്ഷയിൽ നിന്നും 76.5 ലിറ്റര്‍ മദ്യവുമാണ് പിടിച്ചെടുത്തത്. മിനിമോൾക്ക് മദ്യം വിൽപനയ്ക്ക് എത്തിച്ച് നൽകിയത് സഹോദരൻ, സുധീർ ബാബുവാണ്.
ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും, 30ലധികം കേസിൽ പ്രതിയുമായ ഒളിവിൽ കഴിയുന്ന വിബീഷിന്‍റെ ഭാര്യ പിതാവാണ് അറസ്റ്റിലായ ജോഷി. ഞാറയ്ക്കൽ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സുമേഷ് ഇതുവരെ ഏഴ് കേസുകളിൽ പ്രതിയാണ്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ മദ്യം കടത്തുന്നതിന് ഉപയോഗിച്ച വിബീഷിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 78 ലിറ്റർ വിദേശമദ്യവുമായി വിബീഷിനെ ഞാറയ്ക്കൽ എക്സൈസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഞാറയ്ക്കൽ പൊലീസ് മുൻപ് മദ്യവിൽപനയുമായി ബന്ധപ്പെട്ട് പിടികൂടിയവരെ നിരീക്ഷിച്ച് വരികയായിരുന്നു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശ പ്രകാരം അഞ്ച് ടീമുകളായി ഒരേ സമയം നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. അനധികൃത മദ്യവിൽപനയ്‌ക്കെതിരെയും മയക്കുമരുന്നിനെതിരെയുമുള്ള നടപടികൾ ശക്തമായി തുടരുമെന്നും പൊലീസ് അറിയിച്ചു.
അനധികൃത മദ്യവിൽപന സംഘത്തിന് മദ്യം നൽകിയവരെക്കുറിച്ചു അന്വേഷണം നടക്കുന്നുണ്ട്. 17കാരനൊഴികെ അറസ്റ്റിലായ മറ്റ് അഞ്ച് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു
also read:കാറ്ററിങ്ങിന്‍റെ മറവില്‍ ചാരായ വില്‍പന; ഒരാള്‍ അറസ്റ്റില്‍