എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ പ്രതികളെ ചോദ്യം ചെയ്യുന്നത്. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവർക്കൊപ്പമാണ് പതിവ് പോലെ ആലുവയിലെ വീട്ടിൽ നിന്നും ദിലീപ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയത്.
ഇന്നും ബൈജു, അപ്പു എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫിസില്‍ ആദ്യമെത്തിയത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ തന്നെ പ്രതികളുടെ മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആദ്യ ദിവസം ഒറ്റയ്ക്കിരുത്തിയും രണ്ടാം ദിവസം കൂട്ടാമായുമാണ് പ്രതികളെ ചോദ്യം ചെയ്‌തത്. ദിലീപിന്‍റെ വീട്ടിലും സിനിമ നിർമാണ കമ്പനിയിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് ലഭിക്കും.
അന്വേഷണം വിപുലപ്പെടുത്താന്‍ തീരുമാനം
ശാസ്ത്രീയ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലും പ്രതികളെ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 മണിക്കൂർ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും മൂന്നാം ദിനം ചോദ്യം ചെയ്യൽ തുടരുക. കഴിഞ്ഞ ദിവസം സിനിമ നിർമാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷൻസിലെ ജീവനക്കാരനെയും സംവിധായകൻ റാഫിയെയും ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്‌ദരേഖയിലെ ദിലീപിന്‍റെ ശബ്‌ദം റാഫി തിരിച്ചറിഞ്ഞതായാണ് വിവരം. അതേസമയം മൂന്നാം ദിവസവും പ്രതികളെ ചോദ്യം ചെയ്യുന്ന ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൂടുതൽ സാക്ഷികളെ വിളിച്ചുവരുത്താനാണ് നാധ്യത. പ്രതികളുടെ കഴിഞ്ഞ ഒരു വർഷത്തെ ഫോൺ രേഖകൾ ഉൾപ്പടെ ശേഖരിച്ച് ഗൂഢാലോചന കേസിൽ അന്വേഷണം വിപുലപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
ALSO READ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ജില്ലാ സമ്മേളന വിവാദങ്ങള്‍ ചർച്ചയാകും
ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ ഒന്‍പത് മുതൽ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ചോദ്യം ചെയ്യലിന്‍റെ വിവരങ്ങൾ മുദ്രവെച്ച കവറിൽ വ്യാഴാഴ്ച പ്രോസിക്യൂഷൻ ഹാജരാക്കണം. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലും നിലവിലെ ചോദ്യം ചെയ്യൽ നിർണായകമാണ്.