എറണാകുളം: കൊച്ചി കോർപ്പറേഷനിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഹാട്രിക്ക് വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ പത്തു വർഷമായി കോർപ്പറേഷൻ ഭരിക്കുന്ന മുന്നണിക്കെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. എന്നാൽ കോൺഗ്രസിന്‍റെ ഉറച്ച കോട്ടയായ എറണാകുളം മണ്ഡലത്തിൽ അവസാനമായി നടന്ന ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിജയത്തിന് തിളക്കം കുറവായിരുന്നു. ഇത് കൊച്ചി കോർപ്പറേഷനെതിരെയുള്ള ജനവിധിയെന്നാണ് അന്ന് വിലയിരുത്തപ്പെട്ടത്. കൊച്ചി കോർപ്പറേഷനോടുള്ള എതിർപ്പാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്ന് എറണാകുളം എം.പി തന്നെ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
തുടർച്ചയായ മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന ഇടതുഭരണം അവസാനിച്ചത് 2010ലായിരുന്നു. തുടർന്ന് 2015ലും വിജയം ആവർത്തിക്കുകയായിരുന്നു വലതു മുന്നണി. കൊച്ചി കോർപ്പറേഷനിൽ ഹാട്രിക്ക് വിജയം നേടുമെന്ന് നിലവിലെ ഡെപ്യൂട്ടി മേയറായ കെ.ആർ. പ്രേംകുമാർ പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട്, മാലിന്യപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ കൊച്ചി കോർപ്പറേഷനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ കോൺഗ്രസ് സ്ഥിരമായി ജയിക്കാറുള്ള കലൂർ കത്രിക്കടവ് ഡിവിഷനിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഗ്രേസി ജോസഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത് പ്രതികൂലമായി ബാധിക്കുക യു.ഡി.എഫിനെയാണ്. വടുതല ഡിവിഷനിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന ഡെലിനയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും അവരും മത്സര രംഗത്തുണ്ട്. എറണാകുളം നോർത്ത് അറുപത്തിയൊമ്പതാം ഡിവിഷനിൽ യു.ഡി.എഫ് പിന്തുണയ്ക്കുന്നത് വെൽഫെയർ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയെയാണ്. ഇതിനെതിരെ കോൺഗ്രസിന്‍റെ വിമത സ്ഥാനാർഥിയും സജീവമായി മത്സര രംഗത്തുണ്ട്.
നിലവിലെ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനിൽ ഹാട്രിക്ക് വിജയം സ്വന്തമാക്കുകയെന്നത് യു.ഡി.എഫ് നേതാക്കൾ പറയുന്നത് പോലെ എളുപ്പമല്ല. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പെടെ കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂല വോട്ടായി മാറുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. നിലവിൽ യു.ഡി.എഫിന് 36 സീറ്റുകളും എൽ.ഡി.എഫിന് 31 സീറ്റുകളുമാണ് ഉള്ളത്. നാല് സ്വതന്ത്രരും രണ്ടു സീറ്റ് ബി.ജെ.പിക്കുമാണുള്ളത്. സ്വതന്ത്രരിൽ മൂന്ന് പേർ എൽ.ഡി.എഫിനൊപ്പവും ഒരാൾ യു ഡി.എഫിനെയുമാണ് പിന്തുണച്ചത്.