കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ജനുവരി 11, 12 തിയതികളിലായി നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കും. ആൽഫാ സെറീൻ , ഹോളി ഫെയ്ത്ത് ഫ്ലാറ്റുകൾ ജനുവരി പതിനൊന്നിനും ജയിൻ, ഗോൾഡൻ കായലോരം ഫ്ലാറ്റുകള്‍ ജനുവരി പന്ത്രണ്ടിനും പൊളിച്ചുമാറ്റും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സാങ്കേതിക കാരണങ്ങളാലാണ് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള തിയതി നീട്ടിയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയത്ത് 200 മീറ്റര്‍ ചുള്ളളവില്‍ ആളുകളെ ഒഴിപ്പിക്കും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ്, സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്ന കമ്പനികളുമായി സാങ്കേതിക വിദഗ്ദ സമിതി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. സബ് കലക്ടർ സ്നേഹിൽ കുമാർ വിളിച്ചു ചേർത്ത യോഗത്തിൽ പൊളിക്കുന്നതിനുള്ള രൂപരേഖയും ചർച്ച ചെയ്തിരുന്നു. കെട്ടിടത്തിന്റെ നിലകൾ മൈക്രോസെക്കന്റ് വ്യത്യാസത്തിലായിരിക്കും നിലം പതിക്കുകയെന്നാണ് കമ്പനികളുടെ പ്രതിനിധികൾ അറിയിച്ചിട്ടുള്ളത്.