എറണാകുളം: ഇടത് മുന്നണിയെ തുടർ ഭരണത്തിലേക്ക് നയിച്ച ഇടത് തരംഗത്തിനിടയിലും എറണാകുളം ജില്ലയിൽ ആശ്വാസം വിജയങ്ങള്‍ നേടി യുഡിഎഫ്. ആകെയുള്ള പതിനാല് മണ്ഡലങ്ങളിൽ ഒമ്പത് മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. തരംഗത്തിനൊപ്പമുയർന്നില്ലെങ്കിലും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകൾ നിലനിർത്താൻ എൽഡിഎഫിനും കഴിഞ്ഞു. ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു.ശബരിമല വിഷയം ചർച്ചാ വിഷയമാക്കിയാണ് തൃപ്പൂണിത്തുറയില്‍ കെ ബാബു വിജയിച്ചത്. പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരുവെന്നാണ് കെ ബാബു പ്രതികരിച്ചത്.
കേവലം 992 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്. അതേസമയം ബിജെപി വോട്ടുകളിലുണ്ടായ കുറവ് വോട്ട് കച്ചവടമെന്ന ആരോപണത്തിനും കാരണമാവുകയാണ്. കഴിഞ്ഞ തവണ എൽദോ എബ്രഹാമിനെ വിജയിപ്പിച്ച മൂവാറ്റുപുഴയിൽ മാത്യു കുഴൽ നാടൻ യുഡിഎഫിന് വിജയം സമ്മാനിച്ചു. 5468 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു മൂവാറ്റുപുഴ യുഡിഎഫ് തിരിച്ചുപിടിച്ചത്. എൽഡിഎഫ് കഴിഞ്ഞ തവണ കഷ്ടിച്ചുമാത്രം വിജയിച്ച കൊച്ചി മണ്ഡലത്തിൽ 14079 വോട്ടിൻ്റെ ഉജ്ജ്വല വിജയമാണ് കെജെ. മാക്സി നേടിയത്. കൊച്ചി മണ്ഡലത്തിൽ ട്വന്റി ട്വന്റി നേടിയ 19676 വോട്ടും യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചു. പാലാരിവട്ടം പാലം അഴിമതി ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുള്‍ ഗഫൂറിനെ 15536 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പരാജയപ്പെടുത്തിയത്.
ട്വന്റി ട്വന്റിക്ക് നിർണായക സ്വാധീനമുള്ള കുന്നത്തുനാട്ടിൽ എൽഡിഎഫിലെ പിവി ശ്രീനിജൻ 2715 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിപി സജീന്ദ്രനെതിരെ അട്ടിമറി വിജയം നേടിയത്. 42701 വോട്ടുകൾ നേടി ട്വന്റി ട്വന്റി മൂന്നാം സ്ഥാനമാണ് ഈ മണ്ഡലത്തിൽ നേടിയത്. മാണി കോൺഗ്രസിലെ സിന്ധു മോൾ ജേക്കബിൻ്റെ സ്ഥാനാർഥിത്വത്തിലൂടെ ശ്രദ്ധേയമായ പിറവം മണ്ഡലത്തിൽ അനൂപ് ജേക്കബ് 25364 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വൻ വിജയം സ്വന്തമാക്കി. പറവൂർ മണ്ഡലത്തിൽ നാലാം തവണയും വിഡി സതീശൻ വിജയം ആവർത്തിച്ചു.
പെരുമ്പാവൂർ, അങ്കമാലി, തൃക്കാക്കര മണ്ഡലങ്ങളിൽ ഇത്തവണയും യുഡിഎഫ് അനായാസ വിജയം നേടി. വൈപ്പിൻ മണ്ഡലം ഇടതു മുന്നണിയിലെ കെ എന്‍ ഉണ്ണികൃഷ്ണന്‍ 6627 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിലനിർത്തിയത്. എറണാകുളം മണ്ഡലം സ്വതന്ത്രനിലൂടെ സ്വന്തമാക്കാമെന്ന ഇടതുമുന്നണിയുടെ കണക്ക് കൂട്ടൽ ഇത്തവണയും വിജയിച്ചില്ല. യുഡിഎഫിലെ ടിജെ വിനോദ് 10417 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയമാവർത്തിച്ചു. ഇതോടെ എറണാകുളം ജില്ലയിൽ 2016ലെ തെരെഞ്ഞെടുപ്പിന് തുല്യമായ വിജയം മുന്നണികൾ സ്വന്തമാക്കി.