കൊച്ചി: സർക്കാരിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് പൊലീസിന്‍റെ പ്രവര്‍ത്തനം തടസ്സമാണെന്ന് എല്‍ദോ ഏബ്രഹാം എംഎല്‍എ. കഴിഞ്ഞ ദിവസം നടന്ന മാർച്ചിൽ പൊലീസ് ലാത്തിചാർജ് നടത്തേണ്ട സാഹചര്യമില്ലായിരുന്നു. പൊലീസ് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. പ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തന്നെ പോലീസ് മർദിച്ചത്. എറണാകുളം നോർത്ത് എസ് ഐ വിപിൻ ദാസാണ് മർദ്ദിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൊലീസ് അവരുടെ ഉത്തരവാദിത്വം തിരിച്ചറിയണം. കേരളത്തിലിപ്പോൾ പൊലീസിന് നിയന്ത്രണമില്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും എംഎല്‍എ വിമര്‍ശിച്ചു. പൊലീസിനെ തിരുത്താനുള്ള ശക്തമായ നടപടിയുമായി മുന്നോട്ട് പോകും. ഇപ്പോഴുള്ള പ്രശ്നങ്ങൾ ഇടത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. വരുന്ന ഉപതെരെഞ്ഞെടുപ്പുകളിൽ മുന്നണി ഉജ്ജ്വല വിജയം നേടുമെന്നും എൽദോ ഏബ്രഹാം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ഐ ജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തി ചാർജിൽ എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. എഐഎസ്എഫ് പ്രവർത്തകരെ മർദിച്ച എസ്എഫ്ഐ പ്രവർത്തകരെയും ക്രിമിനൽ സംഘങ്ങളെയും ഞാറയ്ക്കൽ സിഐ മുരളി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സിപിഐയുടെ മാർച്ച്.