എറണാകുളം: വിവാദ വ്യവസായി സാന്‍റിയാഗോ മാർട്ടിനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ലോട്ടറി വ്യവസായത്തിന്‍റെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
സാന്‍റിയാഗോ മാര്‍ട്ടിന്‍റെ 450 കോടിയിലധികം വരുന്ന സ്വത്തുക്കൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. മാർട്ടിനെതിരായ സിബിഐ അന്വേഷണത്തിലാണ് ലോട്ടറിയുടെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നു എന്ന് കണ്ടെത്തിയത്. ഇതേ തുടർന്നായിരുന്നു സാന്‍റിയാഗോ മാർട്ടിനെതിരെ ഇഡി അന്വേഷണം തുടങ്ങിയത്.
കള്ളപ്പണ നിരോധന നിയമപ്രകാരവും അനധികൃത സ്വത്ത് സമ്പാദന കേസിലുമാണ് ഇഡി അന്വേഷണം നടത്തുന്നത്. സിക്കിം ലോട്ടറി വിൽപ്പന ക്രമക്കേടുകളിലൂടെ 910 കോടി രൂപയുടെ നഷ്‌ടമായിരുന്നു സാന്‍റിയാഗോ മാർട്ടിൻ സിക്കിം സർക്കാരിന് ഉണ്ടാക്കിയത്. വിറ്റു പോകാത്ത ടിക്കറ്റുകൾക്ക് സമ്മാനം അടിച്ചതായി തെറ്റിദ്ധരിപ്പിച്ചും പല സംസ്ഥാനങ്ങളില്‍ നികുതി വെട്ടിപ്പുകൾ നടത്തിയതായുമാണ് ആരോപണം.
ചെന്നൈയിലെ താമസസ്ഥലം, കോയമ്പത്തൂരിലെ മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഓഫിസ് എന്നിവിടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ട സംഘമായിരുന്നു റെയ്‌ഡ് നടത്തിയത്. സിക്കിം ലോട്ടറികളുടെ മാസ്റ്റർ ഡിസ്ട്രിബ്യൂട്ടറായ കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിങ് സെല്യൂഷൻസിന്‍റെ കോയമ്പത്തൂരിലെ ഓഫിസ്, കോയമ്പത്തൂരിലെ വീടും ഭൂമിയും, ചെന്നൈയിലെ ബിനാമി ഇടപാടിലെ വീട്, ഓഫിസുകൾ എന്നിവയും കണ്ടു കെട്ടിയവയിൽ ഉൾപ്പെടുന്നു.
കേരളത്തിൽ സിക്കിം ലോട്ടറി വിൽപ്പന നടത്തിയ ക്രമക്കേടുകളിലെ സിബിഐ അന്വേഷണത്തിന്‍റെ തുടർച്ചയായാണ് ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്‍റിയാഗോ മാർട്ടിനെതിരെ ഇഡിയും അന്വേഷണം ആരംഭിച്ചത്.