എറണാകുളം: മയക്ക് മരുന്ന് കേസിൽ പിടിയിലായവർക്ക് സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്. പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരുടെ റിമാന്‍റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് എൻഫോഴ്‌സ്മെന്‍റ് ഈ കാര്യം വ്യക്തമാക്കിയത്. മയക്ക് മരുന്ന് കേസ് പ്രതികൾ സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 20ഓളം പേരെ ചോദ്യം ചെയ്യണം. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുമായി ആശയ വിനിമയം നടത്തിയതായും ഇ.ഡി കോടതിയെ അറിയിച്ചു.
അന്വേഷണം പുരോഗിമിക്കുന്ന ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും. ഉന്നത സ്വാധീനമുള്ള പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടന്നും പ്രതികളുടെ റിമാൻഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടണമെന്നും എൻഫോഴ്‌സ്മെന്‍റ് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികളുടെ റിമാൻഡ് ഈ മാസം 23 വരെ നീട്ടി.