കൊച്ചി: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ഇന്ത്യന്‍ നേവിയും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സംയുക്തമായി നടത്തിയ പ്രത്യേക ഓപറേഷനിലൂടെ പിടികൂടിയ ലഹരിമരുന്നിന്‍റെ മൂല്യം കണക്കെടുത്തു. പിടികൂടിയ പ്യൂരിറ്റി മെത്താംഫെറ്റാമിനിന് വിപണിയില്‍ 25,000 കോടി രൂപ വില വരുമെന്ന് എന്‍സിബി അറിയിച്ചു. അതേസമയം പിടികൂടിയ 2,525 കിലോഗ്രാം ലഹരിമരുന്നിന് 12,000 കോടിയിലേറെ രൂപ വിലവരുമെന്നായിരുന്നു എന്‍സിബി മുമ്പ് അറിയിച്ചിരുന്നത്.
23 മണിക്കൂറെടുത്താണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയതെന്നും ഉയര്‍ന്ന ഗ്രേഡ് മെത്താംഫെറ്റാമൈന്‍ ആയതിനാലാണ് മൂല്യം ഉയര്‍ന്നതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. 134 ചാക്കുകളിലായാണ് മയക്കുമരുന്ന് പിടികൂടിയത്. ഒരു കിലോ വീതമുള്ള പാക്കറ്റുകളിലായാണ് ഈ മെത്താംഫെറ്റാമിൻ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ സംശയിക്കപ്പെടുന്ന ഒരു പാകിസ്ഥാൻ പൗരനെ ഇതിനോടകം അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും ഇയാളെ തിങ്കളാഴ്‌ച വൈകുന്നേരം കോടതിയിൽ ഹാജരാക്കുമെന്നും എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചു.
ദൗത്യത്തെക്കുറിച്ച് മനസുതുറന്ന്: എൻസിബിയും നേവിയും ചേര്‍ന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായാണ് ഓപ്പറേഷൻ നടത്തിയത്. പിടികൂടിയവയുടെ മൂല്യത്തില്‍ ഇത് വളരെ വലുതാണ്. ഇറാനിലെ ചബഹാർ തുറമുഖത്ത് നിന്നാണ് ഇത് എത്തിയതെന്നും മയക്കുമരുന്നിന്‍റെ ഉറവിടം പാകിസ്ഥാനാണെന്നും ദൗത്യത്തിന് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍ സഞ്‌ജയ് കുമാര്‍ സിങ് പറഞ്ഞു.
പിടികൂടിയ ചരക്ക് ശ്രീലങ്ക, മാലിദ്വീപ്, ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ളതായിരുന്നു. ചെറിയ ബോട്ടുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് ചെന്ന് ലഹരി കൊണ്ടുവരുന്ന പ്രധാന കപ്പലില്‍ നിന്നും ചരക്കുകൾ കൈപ്പറ്റും. സംഭവത്തില്‍ ഒരു പാകിസ്ഥാൻ പൗരനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്നും ഓപ്പറേഷന്‍റെ ഭാഗമായി ഇതുവരെ ഏകദേശം 4,000 കിലോഗ്രാം ലഹരിമരുന്ന് സംഘം പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിവേട്ട ഇങ്ങനെ: ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് കൊച്ചിയിലെ പുറം കടലിൽ വച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ - നേവി സംയുക്ത സംഘം വന്‍ ലഹരിമരുന്ന് വേട്ട നടത്തുന്നത്. പിടികൂടിയ ലഹരിമരുന്നിന് 12,000 കോടിയിലേറെ രൂപ വിലമതിക്കുമെന്നായിരുന്നു സംഘം അറിയിച്ചിരുന്നത്. മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിതെന്നും സംഘം അറിയിച്ചിരുന്നു. മൂവായിരത്തോളം കിലോ ലഹരിമരുന്നാണ് പിടികൂടിയതെന്നും എൻസിബി അധികൃതർ വ്യക്തമാക്കിയിരുന്നു.
ഓപ്പറേഷൻ സമുദ്രഗുപ്‌ത എന്ന പേരിൽ എൻസിബി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടുന്നത്. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം കടത്തിയ ലഹരിശേഖരമാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്. 2500 കിലോ മെത്താംഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയ ലഹരി പദാര്‍ഥങ്ങളാണ് പിടികൂടിയവയിലുണ്ടായിരുന്നത്. അതേസമയം ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്താംഫിറ്റമിന്‍ ശേഖരമാണിത്. എൻസിബിയുടെ പ്രവർത്തനങ്ങൾക്ക് പുറമെ ശ്രീലങ്കയുമായും മാലിദ്വീപുമായും പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു മയക്കുമരുന്ന് വേട്ട.
Also Read: കൊച്ചിയില്‍ വൻ ലഹരിവേട്ട; 12,000 കോടിയുടെ ലഹരി വസ്‌തുക്കൾ പിടികൂടി, പാകിസ്ഥാൻ സ്വദേശി കസ്‌റ്റഡിയിൽ