എറണാകുളം: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ ചൊവ്വാഴ്‌ച (31.10.2023) രാവിലെ കോടതിയിൽ ഹാജരാക്കും. അതേസമയം ഞായറാഴ്‌ച (29.10.2023) രാവിലെ യഹോവ സാക്ഷികളുടെ കൺവൻഷനിൽ സ്ഫോടനം നടത്തുകയും മൂന്നുപേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതി ഡൊമിനിക്ക് മാർട്ടിന്‍ സ്വമേധയാ കൊടകര സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സ്ഫോടനം നടത്തിയത് താനാണെന്നും, യഹോവാ സാക്ഷികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന താൻ അവരുമായുള്ള ശക്തമായ എതിർപ്പ് കാരണമാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയതെന്നും സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വീഡിയോയിലൂടെ പ്രതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളുടെ കീഴടങ്ങൽ. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും യുഎപിഎയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തിങ്കളാഴ്‌ച (30.10.2023) രാവിലെ പ്രതിയെ പൊലീസ് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.
തെളിവുകള്‍ക്ക് തിരയേണ്ടിവന്നില്ല: സാധാരണ പ്രതികൾ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിക്കാറുള്ളതെങ്കിലും ഡൊമിനിക്ക് തെളിവുകളെല്ലാം സ്വയം ശേഖരിച്ച് പൊലീസിന് കൈമാറിയിരിക്കുകയാണ്. പ്രതി നൽകിയ തെളിവുകൾ സത്യമാണോയെന്ന് കൊച്ചി ഡിസിപി എസ്.ശശിധരൻ ഐപിഎസിന്‍റെ നേത്യത്വത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നു. താൻ പിടിക്കപ്പെടുമെന്ന ഉറപ്പുള്ള പ്രതി താന്‍ എന്തിനാണിത് ചെയ്‌തതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുമായിരുന്നു വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തത്.
കൊടകരയിലെ ഹോട്ടലിൽ മുറിയെടുത്ത് വീഡിയോ ചിത്രീകരിച്ചുവെന്നാണ് ഇയാൾ മൊഴി നൽകിയത്. ഇത് ശരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായാണ് സ്ഫോടക വസ്‌തു നിർമിക്കാനാവശ്യമായ വസ്‌തുക്കൾ വാങ്ങിയത്. പടക്കവും പെട്രോൾ നിറച്ച ബോട്ടിലും ഐഇഡിയുടെ ഭാഗമായി ക്രമീകരിച്ചാണ് ഉഗ്ര സ്ഫോടനവും അഗ്നിബാധയുമുണ്ടാക്കിയത്. എന്നാൽ ഈ വസ്‌തുക്കളെല്ലാം വാങ്ങിയതിന്‍റെ ബില്ലുകൾ ഉൾപ്പടെ ഡൊമിനിക്ക് ശേഖരിക്കുകയും പൊലീസിന് കൈമാറുകയും ചെയ്‌തിട്ടുണ്ട്.
ക്രൂരകൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്‌ച തമ്മനത്തെ ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ വച്ചാണ് സ്ഫോടക വസ്‌തു നിർമിച്ചത്. ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നുവെങ്കിലും അവർ അറിയാതെയായിരുന്നു ഇയാൾ ബോംബ് നിർമിച്ചത്. ശാസ്ത്ര വിഷയങ്ങളിൽ തത്‌പരനായ ഡൊമിനിക് പലതരത്തിലുള്ള പരീക്ഷണങ്ങളും സ്വന്തമായി നടത്താറുള്ളതിനാൽ വീട്ടുകാർക്കും സംശയം തോന്നിയിരുന്നില്ല. പുലർച്ചെ അഞ്ചുമണിയോടെ രണ്ട് ബിഗ് ഷോപ്പറുകളിൽ ബോംബുമായി യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന സാമ്രാ കൺവെൻഷൻ സെന്‍ററിലേക്ക് തിരിക്കുകയായിരുന്നു.
രാവിലെ ഏഴുമണിയോടെ കൺവെൻഷൻ സെന്‍ററിലേക്ക് പ്രവേശിക്കുന്ന വിശ്വാസികൾക്ക് ഒപ്പമാണ് ഇയാളും ഹാളിലേക്ക് പ്രവേശിച്ചത്. ആദ്യം സമ്മേളന ഹാളിന്‍റെ മധ്യഭാഗത്ത് ഇരുന്ന ഇയാൾ ഒരു ബിഗ് ഷോപ്പർ കസേരയ്ക്ക് അടിയിൽ വച്ചു. ഇതിന് ശേഷം അല്‍പം മാറി മറ്റൊരു കസേരയിലേക്ക് മാറിയിരുന്നു. ഇവിടെ രണ്ടാമത്തെ സഞ്ചിയും വച്ചു. ഇതിന് ശേഷം സമ്മേളനം തുടങ്ങിയ സമയത്താണ് ഇവിടെ നിന്നും എഴുന്നേറ്റ് ഹാളിന്‍റെ പിന്നിലായി നിന്നത്.
ആദ്യത്തെ സ്ഫോടക വസ്‌തു വച്ച കസേരയ്ക്ക് മുകളിലായിരുന്നു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ട സ്ത്രീ ഇരുന്നതെന്നാണ് സംശയിക്കുന്നത്. സ്ഫോടനമുണ്ടായപ്പോൾ ഈ സ്ത്രീ മുകളിലേക്ക് ഉയർന്ന് തീയിൽ പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. രണ്ടാമത്തെ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു. മൊബൈൽ ഫോണിലെ റിമോട്ട് സംവിധാനം ഉപയോഗിച്ചാണ് പ്രതി സ്ഫോടനം നടത്തിയത്. സ്ഫോടനമുണ്ടായ ഉടൻ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇതിന് ശേഷം ഹാളിൽ നിന്നും ഇറങ്ങി ബൈക്കിൽ തൃശൂരിലേക്ക് തിരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പ്രതി പൊലീസിന് ഇത്തരം വിവരങ്ങൾ കൈമാറിയത്.
എന്നാൽ ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതോടൊപ്പം മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന മൊഴിയിൽ പ്രതി ഉറച്ചുനിൽക്കുകയാണ്. പ്രതിയുടെ മാനസികാരോഗ്യം ഉൾപ്പടെ പരിശോധിച്ച് കുഴപ്പമില്ലന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.
എന്തിനായിരുന്നു സ്‌ഫോടനം: യഹോവ സാക്ഷികളുടെ വിശ്വാസിയായിരുന്ന പ്രതി ആറുവർഷം മുമ്പാണ് ആശയപരമായി വിയോജിച്ച് വിശ്വാസത്തിൽ നിന്നും അകന്നത്. യഹോവ സാക്ഷികളുടെ പല വിശ്വാസവും കാലാനുസൃതമായി മാറ്റണമെന്ന ആവശ്യമായിരുന്നു ഡൊമിനിക്ക് ഉന്നയിച്ചിരുന്നത്. എന്നാൽ ഇത് പരിഗണിക്കാതെ വന്നപ്പോഴാണ് വിയോജിപ്പ് വെറുപ്പായി മാറിയത്. യഹോവ വിശ്വാസികളെ പാഠം പഠിപ്പിക്കണമെന്ന തെറ്റായ ചിന്തയുടെ ഭാഗമായാണ് വാർഷിക കൺവെൻഷനിൽ സ്ഫോടനം നടത്താൻ തീരുമാനിച്ചത്.
വർഷങ്ങളായി പ്രവാസിയായ ഡൊമിനിക് ഒരു കമ്പനിയിൽ ഫോർമാനായി ജോലി ചെയ്‌തുവരികയായിരുന്നു. ഒന്നരമാസം മുമ്പ് നാട്ടിൽ തിരിച്ചെത്തിയത് തന്നെ ഇത്തരമൊരു കൃത്യം നിർവഹിക്കാനായിരുന്നു. ഇതിനിടെ യൂട്യൂബ് നോക്കി സ്ഫോടക വസ്‌തു നിർമിക്കാനുള്ള അറിവ് ഇയാൾ നേടിയെടുത്തിരുന്നു. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനറായി ജോലിയും ചെയ്‌തുവരികയായിരുന്നു. നേരത്തെ കടവന്ത്രയിൽ താമസിച്ചിരുന്ന ഡൊമിനിക്കും കുടുംബവും ഇപ്പോൾ താമസിക്കുന്നത് തമ്മനത്താണ്.