എറണാകുളം : സംസ്ഥാനത്തെ എഞ്ചിനീയറിങ് സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സാങ്കേതിക സർവകലാശാല നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി സിംഗിൾ ബഞ്ച് സാങ്കേതിക സർവകലാശാല നടത്തുന്ന ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയത്.
'പരീക്ഷ നടത്തുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് സർവകലാശാല'
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പരീക്ഷകൾ നടക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. എന്നാൽ വിദ്യാർഥികളുടെ ആരോപണം ശരിയല്ലെന്നും കൊവിഡ് സാഹചര്യത്തിൽ യു.ജി .സി മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് പരീക്ഷകൾ നടത്തുന്നതെന്നും സർവകലാശാല കോടതിയെ അറിയിച്ചു. പരീക്ഷ ഓൺലൈനാക്കണമെന്ന ആവശ്യം നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
'തുടർന്നുള്ള പരീക്ഷകൾ നടത്താൻ അനുമതി നൽകി'
ഇതിന് ഒരു വർഷമെങ്കിലും തയ്യാറെടുപ്പ് വേണ്ടിവരുമെന്നും സാങ്കേതിക സർവകലാശാല വ്യക്തമാക്കി. സർവകലാശാലയുടെ വാദങ്ങൾ അംഗീകരിച്ച ഡിവിഷൻ ബഞ്ച് കഴിഞ്ഞ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും, തുടർന്നുള്ള പരീക്ഷകൾ നടത്താൻ അനുമതി നൽകുകയും ചെയ്തു.
ഇന്നത്തെ മാറ്റിവച്ച പരീക്ഷ മറ്റൊരുദിവസം നടത്തുമെന്നും സാങ്കേതിക സർവകലാശാല കോടതിയെ അറിയിച്ചു.
ALSO READ: 'രണ്ടര ലക്ഷത്തിന്‍റെ പൊതുമുതല്‍ നശിപ്പിച്ചു'; ഇതാണ് നിയമസഭ കയ്യാങ്കളി കേസ്