കൊച്ചി: പാലാരിവട്ടത്ത് യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിന് പിന്നാലെ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. തമ്മനം പുല്ലേപ്പടി റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൊച്ചി കോർപ്പറേഷന് കലക്ടർ നിർദേശം നൽകി.
അതേസമയം പാലാരിവട്ടത്ത് മരിച്ച യുവാവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കി കലക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. വ്യാഴാഴ്ചയാണ് പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപത്തെ കുഴിയിൽ വീണ് കൂനമ്മാവ് സ്വദേശിയായ യദുലാല്‍ മരിച്ചത്.
തുടർന്ന് നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായി. ഇതോടെ കലക്ടര്‍ അടിയന്തര യോഗം വിളിച്ചുചേർത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഏകോപിപ്പിക്കുന്നതിന് പ്രത്യേക സമിതിയെ നിശ്ചയിക്കുകയായിരുന്നു.
ഇതിനിടെ പാലാരിവട്ടം മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്തെ മൂന്നു കുഴികളും ജലഅതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിൽ അടച്ചു. യുവാവിന്റെ മരണത്തിനിടയാക്കിയ കുഴിയും ഇതിനോട് ചേർന്നുള്ള സമാനമായ കുഴികളുമാണ് ഇപ്പോൾ അധികൃതരുടെ മേൽനോട്ടത്തിൽ അടച്ചത്. രണ്ടുദിവസത്തിനുള്ളിൽ നഗരത്തിലെ റോഡുകൾ ഗതാഗതയോഗ്യമാക്കുമെന്ന് ജല അതോറിറ്റിയും അറിയിച്ചു.
യുവാവിന്‍റെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് സമാന്തരമായി പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്‍റേയും വാട്ടർ അതോറിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മജിസ്റ്റീരിയൽ അന്വേഷണ ചുമതലയുള്ള അഡീഷണൽ ജില്ല മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരൻ നായർ ഇന്ന് വിവരങ്ങൾ ശേഖരിക്കും. സർക്കാർതലത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ബാരിക്കേഡും മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കാതെ വീഴ്ച വരുത്തിയതിന് നാല് പൊതുമരാമത്ത് എൻജിനീയർമാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.