എറണാകുളം: നടൻ ദിലീപിന്‍റെ ഫോൺ സർവീസ് ചെയ്‌ത യുവാവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. തൃശൂർ സ്വദേശിയായ സലീഷ് റോഡപകടത്തിൽ മരിച്ചത് 2020 ഓഗസ്റ്റ് 30നായിരുന്നു. സലീഷിന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം അങ്കമാലി പൊലീസിൽ പരാതി നൽകി.
സലീഷ് ഓടിച്ചിരുന്ന കാർ അങ്കമാലി ടെൽക്കിനു സമീപം തൂണിലിടിച്ചായിരുന്നു അപകടം. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊച്ചിയിൽ സലീഷ് മൊബൈൽ സർവീസ് സെന്‍റർ നടത്തിയിരുന്നു. ഈ സമയത്താണ് നടൻ ദിലീപിന്‍റെ ഫോണുകൾ സർവീസ് നടത്തിയത്.
നടിയെ ആക്രമിച്ച കേസിലെ വധഗൂഢാലോചന കേസിലെ പ്രധാന തെളിവാണ് ദിലീപിന്‍റെ ഫോണുകളെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കോടതി നിർദേശപ്രകാരം ദിലീപ് ഫോണുകൾ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ദിലീപിന്‍റെ ഫോൺ ചർച്ച വിഷയമായ സാഹചര്യത്തിലാണ് ഫോൺ മുൻപ് സർവീസ് ചെയ്‌ത യുവാവിന്‍റെ അപകട മരണത്തിലും കുടുംബം സംശയമുന്നയിച്ചത്.
സലീഷിന്‍റെ മരണത്തിൽ കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്ര കുമാറും ദുരൂഹത ആരോപിച്ചിരുന്നു.
Also Read: ദിലീപിന് ഇന്ന് നിർണായകം; ആറ് ഫോണുകൾ കോടതിയിൽ ഹാജരാക്കി