എറണാകുളം : ബാലചന്ദ്രകുമാർ നിയമപ്രകാരം വിശ്വാസയോഗ്യനായ സാക്ഷിയാണെന്ന് പ്രോസിക്യൂഷൻ. ബാലചന്ദ്രകുമാറിന്‍റെ മൊഴി തന്നെ ഗൂഢാലോചനയ്‌ക്കുള്ള തെളിവാണ്. സംവിധായകന്‍റെ വെളിപ്പെടുത്തലുകളുടെ പ്രധാന ഭാഗങ്ങൾ ഡിജിപി വായിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് പണി കൊടുക്കുമെന്ന് പറഞ്ഞാൽ എങ്ങനെയാണ് ശാപ വാക്കാവുകയെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകി എന്നത് ശരിയാണെന്നും അതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബാലചന്ദ്രകുമാർ ഭാര്യയോടും ഇക്കാര്യം പറഞ്ഞിരുന്നു. ഭാര്യ ഭയന്നുപോയി. ദിലീപ് തങ്ങളെയും കൊല്ലുമെന്ന് ഭാര്യ പറഞ്ഞെന്നും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. ഒരു ഗൂഢാലോചനയ്ക്ക് മതിയായ വിവരങ്ങൾ വ്യക്തമായി വെളിപ്പെടുത്തുന്നതാണ് എഫ്‌ഐആർ. അത് തെളിയിക്കാൻ തങ്ങളുടെ പക്കൽ ധാരാളം തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
READ MORE:'ഗൂഢാലോചനയ്ക്ക് ശക്തമായ തെളിവുണ്ട്, ദിലീപ് ജാമ്യത്തിന് അര്‍ഹനല്ല' ; എതിർത്ത് പ്രോസിക്യൂഷൻ
ഒരു ഓഡിയോ ക്ലിപ്പിങ്ങില്‍ ഉദ്യോഗസ്ഥരെ ചുട്ടുകൊല്ലാൻ ദിലീപ് പദ്ധതിയിടുന്നതായി കേൾക്കാം. ‘ഒരാളെ കൊല്ലാൻ പദ്ധതിയിട്ടാൽ കൂട്ടമായി കൊല്ലണം’ എന്ന് ദിലീപ് പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്. ഓഡിയോ ക്ലിപ്പിങ് തങ്ങളുടെ കൈവശമുണ്ട്. അതുകൊണ്ട് തന്നെ ഗൂഢാലോചന നടന്നതിന് ശേഷം ദിലീപിൽ നിന്ന് വ്യക്തമായ നിർദേശമുണ്ട്.
കുറ്റകൃത്യം രജിസ്റ്റർ ചെയ്തതോടെ മിക്കവാറും എല്ലാ ഫോണുകളും പ്രതികൾ ഒളിപ്പിച്ചു. പ്രതിയുടെ പിന്നീടുള്ള ഈ പെരുമാറ്റം വളരെ കുറ്റകരമാണ്. ദിലീപും കൂട്ടരും ഏഴില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.