എറണാകുളം: ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ചെളിയില്‍ തള്ളിയ സംഭവത്തില്‍ പിടിയിലായ ബിഹാര്‍ സ്വദേശി അസ്‌ഫാക്കിനെ കൂടാതെ കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുള്ള അന്വേഷണം തുടരുകയാണെന്ന് മധ്യമേഖല ഡിഐജി എസ് ശ്രീനിവാസ് പറഞ്ഞു. ആലുവയില്‍ പ്രതി എത്തിയത് എന്തിനാണെന്നുള്ള കാര്യവും പരിശോധിക്കുമെന്നും ഡിഐജി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തെ സംബന്ധിച്ചുള്ള പ്രതിയുടെ മൊഴികളെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും. മൃതദേഹത്തിന് ചുറ്റും മൂന്ന് കല്ലുകള്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനുള്ള പ്രചോദനത്തെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും നിലവില്‍ പ്രതി ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നുണ്ടെന്നും ഡിഐജി പറഞ്ഞു. ഇക്കഴിഞ്ഞ 22നാണ് ഇയാള്‍ ആലുവയിലെത്തിയതെന്നും കേരളത്തിലെത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. പ്രതിയുടെ പശ്ചാത്തലത്തെ കുറിച്ച് ബിഹാര്‍ പൊലീസില്‍ നിന്നും ചോദിച്ചറിയും. അസ്‌ഫാക്കിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ചെളിയില്‍ കുഴിച്ചിട്ട് മുകളില്‍ മൂന്ന് കല്ലുകള്‍ വച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ഡിഐജി വ്യക്തമാക്കി.
കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം: ആലുവ തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ അഞ്ച് വയസുകാരിയുടെ മൃതദേഹമാണ് ഇന്ന് (ജൂലൈ 29) രാവിലെ ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്നും കണ്ടെത്തിയത്. ഇന്നലെ (ജൂലൈ 28) വൈകിട്ടാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. സംഭവത്തിന് പിന്നാലെ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിഹാര്‍ സ്വദേശിയായ അസ്‌ഫാക് പിടിയിലായത്.
ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ കടത്തി കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അസ്‌ഫാക് കുട്ടിയെ കടത്തി കൊണ്ടു പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആദ്യം കുട്ടിയെ കൈമാറിയെന്ന് പ്രതി: കേസില്‍ പിടിയിലായതിന് പിന്നാലെ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് വിറ്റുവെന്നാണ് പ്രതി അസ്‌ഫാക് പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ (ജൂലൈ 29) ആലുവ ഫ്ളൈ ഓവറിന് താഴെ വച്ച് സക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്നായിരുന്നു മൊഴി. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ കൈമാറിയെന്ന് പറഞ്ഞ ആലുവ ഫ്ലൈ ഓവറിന് താഴെയും പൊലീസ് തെളിവെടുപ്പ് നടത്തി.
കൂടാതെ ഇയാള്‍ പറഞ്ഞ സക്കീര്‍ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ 20 മണിക്കൂറിന് ശേഷമാണ് ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
also read: ആലുവ മാർക്കറ്റിന് സമീപം കുഞ്ഞിന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍, ചാന്ദ്‌നിയുടേതെന്ന് പൊലീസ്