എറണാകുളം : ഒരു സിനിമ പൂർണ്ണമായും ബോക്‌സോഫിസിൽ തകർന്നടിയണമെന്ന് ഒരു നടനോ ഒരു സംവിധായകനോ നിർമാതാവോ സ്വപ്‌നത്തിൽ പോലും ആഗ്രഹിക്കുന്ന കാര്യമല്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. തന്‍റെ സിനിമകൾ ബോക്‌സ് ഓഫിസിൽ നിരന്തരം പരാജയപ്പെടുന്നു. സിനിമ നിരൂപകരും സോഷ്യൽ മീഡിയയും തന്നെ ബോംബ് എന്നു നാമകരണം ചെയ്‌തു കളിയാക്കുന്നു (Dhyan Sreenivasan On Movies).
ഒരു സിനിമ വിജയിക്കുമ്പോൾ അത് തിരക്കഥാകൃത്തിന്‍റെ കഴിവ്, സംവിധായകന്‍റെ കഴിവ്, പ്രൊഡക്ഷൻ കമ്പനിയുടെ കഴിവ് എന്നൊക്കെ മുറവിളി കൂട്ടുന്നവർ ഒരു സിനിമ പരാജയപ്പെടുമ്പോൾ നായകന്‍റെ തലയിൽ മാത്രം ആ കുറ്റമെല്ലാം വച്ചു കിട്ടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും ധ്യാന്‍ പറയുന്നു. പരാജയപ്പെട്ടാൽ ആ സിനിമയുടെ റെസ്പോൺസിബിലിറ്റി മുഴുവൻ നായകന്‍റെ മാത്രം ഉത്തരവാദിത്തമാണ് ഇവിടെ. 2017 മുതൽ 2020 വരെ താനൊരു സിനിമയും ചെയ്യാതെ ഒരു മുറിക്കുള്ളിൽ അടച്ചിരുന്ന ആളാണ്.
സ്വന്തം കരിയറിനെ കുറിച്ച് ആവലാതി ആയപ്പോൾ തന്നിലേക്ക് എത്തിയ എല്ലാ പ്രോജക്‌ടുകളും മുന്നും പിന്നും നോക്കാതെ ചെയ്യാൻ തീരുമാനമെടുക്കുന്നു. ജീവിതത്തിൽ പ്രൊഡക്റ്റീവ് ആയിരിക്കുക എന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ആ തീരുമാനം. അതിൽ നല്ല കഥകളുണ്ട് മോശം കഥകളുണ്ട് അതൊന്നും തിരിഞ്ഞു പിടിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.
ഒരു പുതുമുഖ സംവിധായകനോ ഒരു പ്രൊഡക്ഷൻ കമ്പനിയോ ആയിരിക്കും പലപ്പോഴും തന്നെ തേടി വരാറുള്ളത്. തിരക്കഥയിൽ സംതൃപ്‌തൻ അല്ല എന്ന് പറഞ്ഞാലും ധ്യാൻ തങ്ങളുടെ കൂടെയുണ്ടെങ്കിൽ സിനിമ വിജയിപ്പിച്ചെടുക്കാനുള്ള ആത്മവിശ്വാസം ഉണ്ടെന്ന് പറയുമ്പോൾ മറുത്തൊന്നും ചിന്തിക്കാൻ തോന്നാറില്ല. കൂടാതെ സുഹൃത്ത് ബന്ധങ്ങളുടെ വലയിലും ധാരാളം സിനിമകൾ ചെയ്യാൻ തീരുമാനമെടുത്തു.
ആ കമ്മിറ്റ്‌മെന്‍റ് 2023 കഴിഞ്ഞിട്ടും തീരാതെ തന്നെ പിന്തുടരുകയാണ്. സിനിമകൾ അതുകൊണ്ടുതന്നെ ബോക്‌സോഫിസിൽ പരാജയപ്പെടുന്നതിൽ അത്ഭുതമൊന്നുമില്ല. തന്‍റെ പ്രമോഷണൽ ഇന്‍റർവ്യുകളിൽ ഒരു സിനിമ വിജയിക്കുമോ ഇല്ലയോ എന്ന് രഹസ്യമായി താനൊരു ഹിന്‍റ് നൽകാറുണ്ട്.
അത് പ്രേക്ഷകർ മനസ്സിലാക്കി തിയറ്ററിലേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാം. പണം ഉണ്ടാക്കാൻ ആയിരുന്നെങ്കിൽ എനിക്ക് അഭിനയം തിരഞ്ഞെടുക്കേണ്ട ആവശ്യമൊന്നുമില്ല. എനിക്കും അജുവിനും ഒരു സിനിമ നിർമാണ കമ്പനിയുണ്ട്.
വർഷത്തിൽ ഒരു നല്ല കഥ തിരഞ്ഞുപിടിച്ച് നല്ലൊരു ആർട്ടിസ്റ്റിനെ കാസ്റ്റ് ചെയ്‌തു കൃത്യമായി മാർക്കറ്റ് ചെയ്‌തു എടുത്താൽ വർഷത്തിൽ രണ്ടു ചിത്രം മതിയാകും എനിക്ക് അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ കാശ് സമ്പാദിക്കാൻ. ഒരു നടന് ജീവിതത്തിൽ ഏറ്റവും ആവശ്യമായ ഘടകം കരിയർ പ്ലാൻ ഉണ്ടാവുക എന്നതാണ്. എനിക്ക് അതില്ല.
അഭിനയം ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയെ അല്ല ഞാൻ. എങ്കിലും ചെയ്‌തതിൽ പല ചിത്രങ്ങളും പ്രേക്ഷകരോട് നീതിപുലർത്തിയ ഘടകങ്ങളുണ്ട്. ഉടലെന്ന ചിത്രത്തിന് താൻ വേണ്ടതിലധികം പ്രമോഷൻ നൽകിയിരുന്നു. ആ ചിത്രം എല്ലാവരും കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഈ അടുത്ത കാലത്ത് ചെയ്‌തതിൽ ഏറ്റവും നല്ല കഥാപാത്രവും നല്ല സിനിമയും ഉടൽ തന്നെ. ധ്യാൻ പറഞ്ഞു നിർത്തി.