എറണാകുളം : പൂക്കാട്ടുപടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്‌ടറെ മർദിച്ച കേസിലെ പ്രതി പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് ഷബീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡ്യൂട്ടി ഡോക്‌ടറെ മര്‍ദിച്ച പ്രതിയെ പത്ത് ദിവസമായിട്ടും അറസ്റ്റ് ചെയ്‌തിരുന്നില്ല. തുടര്‍ന്ന്, ഡോക്‌ടർമാർ പ്രതിഷേധ സമരം സംഘടിപ്പിച്ചതിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെ പുക്കാട്ടുപടി തഖ്‌ദീസ് ആശുപത്രിയിൽവച്ചാണ് ഡോക്‌ടര്‍ക്ക് മർദനമേറ്റത്. അത്യാഹിത വിഭാഗത്തില്‍ കൊവിഡ് ലക്ഷണങ്ങളുളള ഭാര്യയ്ക്കും കുട്ടികള്‍ക്കും ചികിത്സ തേടി എത്തിയ ഷബീർ, ഡ്യൂട്ടി ഡോക്ടറായ ജീസണ്‍ ജോണിയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു.
ALSO READ: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
എടത്തല പൊലീസ് ഐ.പി.സി 323, 294(ബി), 506 വകുപ്പുകള്‍ക്ക് പുറമെ 2012-ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല.
ഇയാള്‍ ഒളിവിലാണെന്നായിരുന്നു പൊലീസ് വാദം. എന്നാൽ ഇത് ഒത്തുകളിയാണെന്നും ഇയാള്‍ നാട്ടിൽ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്നും ഐ.എം.എ ആരോപിച്ചിരുന്നു.