എറണാകുളം : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടിസ് അയച്ചു. കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്‍റ് ഖാലിദ് എന്നിവർക്കാണ് നോട്ടിസ് അയച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന് അനുമതി നൽകിയിരുന്നു. മൂന്ന് പേർക്കും സ്വർണക്കടത്തുമായുള്ള ബന്ധം ചൂണ്ടിക്കാണിച്ച് 260 പേജുള്ള ഷോ കോസ് നോട്ടിസാണ് കസ്റ്റംസ് അയച്ചത്.ഈ മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.
വിയറ്റ്നാമിൽ ജോലി ചെയ്യവെ ഇവർ സ്വർണക്കടത്തും കള്ളക്കടത്തും നടത്തുകയും നടപടി നേരിടുകയും ചെയ്‌തിരുന്നു. കേരളത്തിൽ എത്തിയശേഷവും മൂന്ന് പേരും ചേർന്ന് സ്വർണക്കടത്ത് ആരംഭിക്കുകയായിരുന്നു.
കസ്റ്റംസിന്‍റെ കാരണം കാണിക്കൽ നോട്ടിസ്
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻമാർ ഈ നയതന്ത്ര ഉദ്യോഗസ്ഥരാണെന്നാണ് കസ്റ്റംസ് നോട്ടിസിൽ നിന്നും വ്യക്തമാക്കുന്നത്. സ്വർണക്കടത്തിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കുകയായിരുന്നു മൂവരുടെയും ലക്ഷ്യം.
ഇതിന് ഇവർ സരിത്തിനേയും സ്വപ്‌നയേയും ഉപയോഗിച്ച് മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉപയോഗപ്പെടുത്തുകയായിരുന്നു. സംസ്ഥാന സർക്കാരിന്‍റെ പ്രോട്ടോക്കോൾ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോക്കോൾ നിയമങ്ങളും ലംഘിച്ചാണ് ഇവർ കേരളത്തിൽ പ്രവർത്തിച്ചത്.
READ MORE: സ്വര്‍ണക്കടത്ത് കേസ്: യുഎഇ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചു
സുരക്ഷ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോക്കോൾ ഓഫീസിനെ മറികടന്ന് സംസ്ഥാന സർക്കാർ വൈ കാറ്റഗറി സുരക്ഷ കോൺസുൽ ജനറലിന് നൽകി. ഇത് അദ്ദേഹം നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്‌തുവെന്നും കസ്റ്റംസ് നോട്ടിസിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ വീട്ടിൽ പോലും പ്രോട്ടോക്കോൾ ലംഘിച്ച് യോഗം ചേർന്നിരുന്നുവെന്ന ഗുരുതര ആരോപണവും കസ്റ്റംസ് നോട്ടിസിലുണ്ട്. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണത്തിൽ കള്ളനോട്ടുണ്ടോ എന്ന് തിരിച്ചറിയാനായി കോൺസുൽ ജനറലിന്‍റെ നിർദേശപ്രകാരം സരിത്ത് നോട്ടെണ്ണൽ യന്ത്രം വാങ്ങി നൽകിയെന്നും ചൂണ്ടിക്കാട്ടുന്നു.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് സ്വർണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു. എന്നാൽ ഇത് അദ്ദഹം ബന്ധപ്പെട്ടവരെ ധരിപ്പിച്ചില്ലെന്നും കസ്റ്റംസ് ആരോപിക്കുന്നു.