എറണാകുളം: തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നൽകിയ കേസിൽ മരട് പഞ്ചായത്ത് ആയിരുന്ന സമയത്തെ ഉദ്യോഗസ്ഥർക്കെതിരെയും ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെയും അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിനോട് അനുവാദം തേടി. അഴിമതി നിരോധന നിയമ പ്രകാരം ഇവർക്കെതിരെ കേസെടുക്കാനാണ് തീരുമാനം.അതിന് സർക്കാരിന്‍റെ മുൻകൂർ അനുവാദം ആവശ്യമാണ്.
അതേസമയം ആൽഫ വെഞ്ചേഴ്സ് ഫ്ലാറ്റ് നിർമാതാവ് പോൾ രാജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും 25ന് ശേഷം ഹാജരാകാമെന്നുമാണ് പോൾ രാജ് അന്വേഷണസംഘത്തെ അറിയിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പോൾ രാജ് സമർപ്പിച്ചിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.
ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ് കെട്ടിട നിർമാതാക്കൾക്കും ക്രൈംബ്രാഞ്ച് അന്വേഷണം സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. വരുന്ന ബുധനാഴ്ച ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ഉടമകളെയും അടുത്ത തിങ്കളാഴ്ച ജെയിൻ കോറൽ കോവ് നിർമ്മാതാക്കളെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
നിയമ ലംഘനം നടത്തിയ ഫ്ലാറ്റ് നിര്‍മാതാക്കളെ പ്രതിചേർത്ത് നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്തുക്കൾ നേരത്തെ തന്നെ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റ് നിർമാതാക്കൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്.