എറണാകുളം : മോൻസണ്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിൽ യോഗം ചേർന്നു. ഐ.ജി സ്‌പർജൻ കുമാറിന്‍റെ സാന്നിധ്യത്തിലായിരുന്നു യോഗം. തട്ടിപ്പിന്‍റെ എല്ലാ വശവും പരിശോധിക്കുമെന്ന് യോഗ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പണത്തിന്‍റെ സ്രോതസ്സ് കണ്ടെത്തും. കേസുമായി ബന്ധമുളളവരിലേക്കെല്ലാം അന്വേഷണമെത്തും.
പുരാവസ്തു വകുപ്പിന്‍റെ റിപ്പോർട്ട് ഉൾപ്പടെ പരിശോധിക്കുമെന്നും ഐ.ജി. പറഞ്ഞു. അതേസമയം മോർസണിന്‍റെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ പത്ത് പേരെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. എറണാകുളം സൗത്ത്, പള്ളുരുത്തി എസ്.എച്ച്.ഒ മാർ ഇൻഫോപാർക്ക് സൈബർ സ്റ്റേഷനിലെ പോലീസുകാർ എന്നിവരെ കൂടി ചേര്‍ത്തു. നിലവിൽ വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസിൽ മോൻസണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണുള്ളത്.
Read More: മോൻസണ്‍ മാവുങ്കൽ വിവാദം; സഭയിൽ ബെഹ്റയെ സംരക്ഷിച്ച് മുഖ്യമന്ത്രി
കോടികളുടെ നിക്ഷേപമുണ്ടെന്ന സ്വകാര്യ ബാങ്കിന്‍റെ വ്യാജ രേഖ ഉപയോഗിച്ചായിരുന്നു മോൻസണ്‍ പലരെയും വഞ്ചിച്ചത്. എന്നാൽ ഈ വ്യാജ രേഖ നിർമിച്ചതിന്റെ ഉറവിടം ഉൾപ്പടെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വ്യാജ രേഖ നിർമിച്ച കംപ്യൂട്ടര്‍ കണ്ടെടുക്കുന്നതും സഹായം നൽകിയവരെ പിടികൂടുന്നതും അന്വേഷണത്തിൽ നിർണായകമാണ്.
മോൻസണ്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് എറണാകുളം എ.സി.ജെ.എം കോടതിയെ അറിയിച്ചിരുന്നു. കോഴിക്കോട് സ്വദേശികളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ആറ് ദിവസമായിരുന്നു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ മോൻസണെ ചോദ്യം ചെയ്തത്. പാലാ സ്വദേശിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ മോൻസണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്.
ശ്രീവത്സം ഗ്രൂപ്പിന്‍റെ പരാതിയിലും ശില്പി സുരേഷ് നൽകിയ പരാതിയിലും ക്രൈംബ്രാഞ്ച് മോൻസണെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അതേസമയം ഓരോ കേസിലും ജാമ്യാപേക്ഷയുമായി മോൻസണും കോടതിയെ സമീപിക്കുന്നുണ്ട്. ആദ്യ കേസിലെ ജാമ്യാപേക്ഷ എ.സി.ജെ.എം കോടതി തള്ളിയിരുന്നു.