എറണാകുളം: അങ്കമാലിയിലെ ജ്യോതിസ് സ്‌കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പോയി ഇടുക്കി മാങ്കുളത്തെ കയത്തിൽ മുങ്ങിമരിച്ച മൂന്ന് വിദ്യാർഥികളുടെയും സംസ്‌കാരം ഇന്ന് നടക്കും. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ അർജുൻ ഷിബു, ജോയൽ ബേബി, റിച്ചാർഡ് ബ്രസി എന്നിവരാണ് വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അപകടത്തിൽ പെട്ടത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് ഇന്ന് പുലർച്ചെ മൃതദേഹങ്ങൾ അങ്കമാലിയിൽ എത്തിച്ചത്.
രാവിലെ എട്ടര മുതൽ പത്ത് മണി വരെ മൃതദേഹങ്ങള്‍ സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു. അധ്യാപകരും സഹപാഠികളും തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാർക്ക് അന്തിമോപചാരം അർപ്പിച്ചു. കൂട്ടുകാർക്കൊപ്പം സ്‌കൂൾ മുറ്റത്ത് കൗമാരത്തിന്‍റെ പ്രസരിപ്പോടെ ഓടി കളിച്ചവരുടെ ചേതനയറ്റ ശരീരങ്ങൾ കൂട്ടുകാർ അവസാനമായി ഒരു നോക്കുകണ്ടത് ഏറെ വേദനയോടെ ആയിരുന്നു.
പലരും ദുഃഖം തങ്ങാനാവാതെ വിതുമ്പി കരഞ്ഞായിരുന്നു അന്തിമോപചാരം അർപ്പിച്ചത്. സ്‌കൂൾ അസംബ്ലി ചേരാറുള്ള വിദ്യാലയ മുറ്റത്ത് അതേ സമയത്ത് ഒത്തുചേർന്ന് മരണം തട്ടിയെടുത്ത വിദ്യാർഥികൾക്ക് ഹൃദയ വേദനയോടെയാണ് അധ്യാപകരും വിദ്യാർഥികളും യാത്രാമൊഴി നേര്‍ന്നത്. ബെന്നി ബെഹനാൻ എംപി, കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ള പ്രമുഖർ സ്‌കൂളിലെത്തിയാണ് ആദാരാഞ്ജലിയർപ്പിച്ചു. സ്‌കൂളിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി.
അർജുൻ ഷിബുവിന്‍റെ സംസ്‌കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് കാലടി എൻഎസ്എസ് ശ്‌മശാനത്തിൽ നടക്കും. ജോയൽ ബേബിയുടെ സംസ്‌കാരം മൂന്ന് മണിക്ക് അയ്യമ്പുഴ സെന്‍റ് മേരീസ് പളളി സെമിത്തേരിയിലും റിച്ചാർഡിന്‍റെ സംസ്‌കാരം മഞ്ഞപ്ര യാക്കോബായ പള്ളി സെമിത്തേരിയിലും നടക്കും. അധ്യാപകർ ഉൾപ്പടെ മുപ്പത്തിമൂന്ന് അംഗ സംഘമായിരുന്നു വിനോദ യാത്രയുടെ ഭാഗമായി മാങ്കുളത്ത് എത്തിയത്.
തുടർന്ന് ട്രെക്കിങ്ങിനായി മൂന്ന് ജീപ്പുകളില്‍ ആനക്കുളം വല്യപാറുക്കുട്ടിയിലെത്തി. ഇവരിൽ അഞ്ചു പേരാണ് വല്യപാറുക്കുട്ടി പുഴയിലെ കയത്തിൽപ്പെട്ട് മുങ്ങിപ്പോയത്. ഇതിൽ രണ്ടു പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കയത്തിൽ മുങ്ങി താഴ്ന്ന മൂന്ന് വിദ്യാര്‍ഥികളെയും പുറത്തെടുത്ത് നാല്‍പത് കിലോമീറ്ററോളം ദൂരമുള്ള അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ മാസം പതിനേഴ് വയസുകാരൻ വല്യപാറുക്കുട്ടി പുഴയില്‍ ഇതേ സ്ഥലത്ത് മുങ്ങിമരിച്ചിരുന്നു.
മരിച്ചത് ഉറ്റകൂട്ടുകാര്‍: അങ്കമാലി ജ്യോതിസ് സ്‌കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളാണ് മരിച്ച അർജുൻ ഷിബു, ജോയൽ ബേബി, റിച്ചാർഡ് ബ്രസി എന്നിവര്‍. സഹപാഠികള്‍ എന്നതിലുപരി ഉറ്റകൂട്ടുകാര്‍ ആയിരുന്നു മൂവരും. റിച്ചാര്‍ഡ് ഈ അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തിലാണ് ജ്യോതിസ് സ്‌കൂളില്‍ എത്തിയത്.
നേരത്തെ മഞ്ഞപ്രയിലെ മറ്റൊരു സ്‌കൂളിലായിരുന്നു റിച്ചാര്‍ഡ് പഠിച്ചിരുന്നത്. അര്‍ജുന്‍ ഷിബുവിന്‍റെ അച്ഛന്‍ ഷിബു കഴിഞ്ഞ ജനുവരിയില്‍ ജോലി സ്ഥലത്തുണ്ടായ ഒരു അപകടത്തില്‍ മരിച്ചതാണ്. ഷിബുവിന്‍റെ മരണത്തിന്‍റെ വേദന മാറും മുമ്പേയാണ് വിധി മകന്‍ അര്‍ജുനെയും തട്ടിയെടുത്തത്. ജോലി ചെയ്‌തിരുന്ന അരിമില്ലില്‍ ആസ്‌ബറ്റോസ് ഷീറ്റ് മാറ്റുന്നതിനിടെ ഷിബു താഴെ വീഴുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ജനുവരി 29ന് മരണത്തിന് കീഴടങ്ങി.
തട്ടേക്കാട് ബോട്ടപകത്തിന്‍റെ ഓര്‍മയില്‍ അങ്കമാലി: തട്ടേക്കാട് ബോട്ടപകത്തിന് ശേഷം അങ്കമാലിയെ നടുക്കിയ ദുരന്തമാണ് ഇന്നലെ ഉണ്ടായത്. തട്ടേക്കാട് ബോട്ടപകത്തിന്‍റെ ഓര്‍മകളിലാണ് ഇന്ന് അങ്കമാലിയും മഞ്ഞപ്രയും. ഏറെക്കുറെ സമാനമായ അപകടത്തില്‍ നാടിന് നഷ്‌ടമായത് മൂന്ന് പൊന്നോമനകളെയാണ്.
2007 ഫെബ്രുവരി 20നായിരുന്നു തട്ടേക്കാട് ബോട്ടപകടം നടന്നത്. അങ്കമാലി എളവൂര്‍ സെന്‍റ് ആന്‍റണീസ് യുപി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്‌ക്ക് എത്തിയ 15 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് അന്ന് മുങ്ങിമരിച്ചത്. ബോട്ടില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ് ദുരന്തത്തിന് കാരണമായത്. ബോട്ടിന്‍റെ അടിഭാഗം ഇടകി വെള്ളം ബോട്ടിനകത്ത് കയറിയായിരുന്നു അപകടം.