കൊച്ചി: ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശം നടത്തുന്നത് കുറ്റകരമാണെന്ന് ഹൈക്കോടതി. സമൂഹമാധ്യമങ്ങളും പൊതു ഇടമാണ്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും കോടതി നിരീക്ഷിച്ചു. യുട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ മോശമായി ചിത്രീകരിച്ചെന്നാണ് സൂരജ് പാലക്കാരനെതിരായ കേസ്. സൂരജിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ നേരത്തെ പരാതിക്കാരിയെ ഹൈക്കോടതി സ്വമേധയ കക്ഷി ചേർത്തിരുന്നു. പ്രതി തന്നെ മോശകാരിയായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമിച്ചു.
പ്രത്യാഘാതങ്ങളെ കുറിച്ച് അറിഞ്ഞ് കൊണ്ടാണ് വാർത്ത ചെയ്യുന്നതെന്ന് വിഡീയോയിൽ പരാമർശിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും യുവതി കോടതിയെ ബോധിപ്പിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കലിനൊപ്പം, പട്ടിക ജാതി - പട്ടിക വർഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് സൂരജ് പാലാക്കാരനെതിരെ പൊലീസ് കേസ് സെടുത്തിട്ടുള്ളത്.