എറണാകുളം : സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്‌തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കിയെന്ന കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ വിവാദ പരാമർശമാണ് നീക്കം ചെയ്‌തത്. അതേസമയം പ്രായം കണക്കിൽ എടുത്ത് പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയ കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവച്ചു.
പ്രകോപനപരമായ വസ്‌ത്രം ധരിച്ചെങ്കില്‍ അത് സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വിവാദ ഉത്തരവിറക്കിയ സെഷൻസ് ജഡ്‌ജിയെ പിന്നീട് സ്ഥലം മാറ്റിയിരുന്നു. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സർക്കാരും ഇരയും നൽകിയ അപ്പീലുകളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നടപടി.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കീഴ്‌ക്കോടതി നിരീക്ഷണം നീക്കം ചെയ്യണമെന്ന് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കീഴ്‌ക്കോടതിയുടെ ഇത്തരം വിവാദ പരാമർശം സ്ത്രീ സമൂഹത്തെയാകെ അപമാനിച്ചുകൊണ്ടാണെന്നും ,അതിനാൽ സർക്കാർ അപ്പീലിനെ പിന്തുണയ്ക്കുന്നതായും ദേശീയ വനിത കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.