എറണാകുളം: കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് കുട്ടികളെ മണിക്കൂറുകൾ പുറത്തിരുത്തിയ സംഭവത്തിൽ ഇടപെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ, ജില്ലാ സ്പോർട്‌സ് കൗൺസിൽ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവർക്കാണ് ബാലാവകാശ കമ്മീഷൻ നോട്ടിസ് അയച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ പനമ്പിള്ളി നഗറിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതെ എറണാകുളം ജില്ലാ സ്പോർട്‌സ് കൗൺസിൽ ഗേറ്റ് പൂട്ടിയിട്ടത്. സംഭവം വിവാദമായതോടെ സർക്കാർ ഇടപെടുകയും ജില്ലാ സ്പോർട്‌സ് കൗൺസിൽ പൂട്ടിയിട്ട മൈതാനം തുറന്ന് നൽകുകയും ചെയ്‌തു. രാവിലെ ആറു മണി മുതൽ പത്തു മണി വരെ ട്രയൽസിനെത്തിയ കുട്ടികൾ മൈതാനത്തിന് പുറത്ത് കാത്തിരിക്കേണ്ടി വന്നു.
കേരള ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ച അണ്ടര്‍-17 സെലക്ഷന്‍ ട്രയല്‍സിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കുട്ടികളും രക്ഷിതാക്കളും പനമ്പിള്ളി നഗറിലെത്തിയത്. എന്നാൽ സെലക്ഷൻ ട്രയൽസ് നടക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ച പനമ്പള്ളി നഗറിലെ ജില്ലാ സ്പോർട്‌സ് കൗൺസിൽ മൈതാനം അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുട്ടികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനായില്ല.
സെലക്ഷൻ നടത്തുമെന്ന് അറിയിച്ച ബ്ലാസ്റ്റേഴ്‌സ് അധികൃതരും ആദ്യഘട്ടത്തിൽ എത്തിയിരുന്നില്ല. ട്രയൽസിൽ പങ്കെടുക്കാൻ കഴിയുമോയെന്ന് അറിയാതെ കുട്ടികളും, രക്ഷിതാക്കളും മണിക്കൂറുകളോളം ആശങ്കയിലായി. സംഭവം വിവാദമായതോടെ ബ്ലാസ്റ്റേഴ്‌സ് കരാർ പ്രകാരമുള്ള വാടക സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നൽകാത്തതിനാലാണ് മൈതാനം തുറന്ന് നൽകാത്തതെന്ന വിശദീകരണവുമായി പിവി ശ്രീനിജന്‍ എംഎല്‍എ രംഗത്തെത്തി. ഇത്തരമൊരു പരിശീലനം ഉള്ളതായി തങ്ങളെ അറിയിച്ചിട്ടില്ലെന്നും കുട്ടികളെ എത്തിച്ച് തങ്ങളെ സമ്മർദ്ദത്തിലാക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. എട്ടുമാസത്തെ മുഴുവൻ തുകയാണ് കുടിശികയായി കിട്ടാനുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് പലതവണ കത്ത് നൽകിയതാണന്നും എംഎൽഎ പറഞ്ഞിരിന്നു.
എന്നാൽ ഇതിനു പിന്നാലെ എംഎൽഎയുടെ വാദങ്ങൾ തള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് യു ഷറഫലി രംഗത്തെത്തിയിരുന്നു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബ്ലാസ്‌റ്റേഴ്‌സ് യാതൊരു വാടക കുടിശികയും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെയാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി തന്നെ വിഷയത്തിൽ ഇടപ്പെട്ട് മൈതാനം തുറന്ന് കൊടുക്കാൻ നിർദേശം നൽകിയത്. തുടർന്ന് കുട്ടികൾ സെലക്ഷൻ ട്രയലിനായി മൈതാനത്തിൽ പ്രവേശിക്കുകയായിരുന്നു.
അതേസമയം ജില്ല സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് കൂടിയായ പിവി ശ്രീനിജൻ കുട്ടികളെ പെരുവഴിയിലാക്കി മൈതാനം പൂട്ടിയിട്ടതും, ഇതിന് ന്യായീകരണമായി പറഞ്ഞ കാര്യങ്ങളിൽ വാസ്‌തവമില്ലെന്ന് സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് തന്നെ തുറന്നടിച്ചതോടെയാണ് പുതിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായത്.
സംസ്ഥാന സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്‍റ് മേഴ്‌സിക്കുട്ടൻ ഉൾപ്പടെയുള്ളവർ പിവി ശ്രീനിജനെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ മേഴ്‌സിക്കുട്ടെനതിരെ സമൂഹ മാധ്യമത്തിൽ രൂക്ഷമായ ഭാഷയിലാണ് പിവി ശ്രീനിജൻ പ്രതികരിച്ചത്. എറണാകുളം ജില്ലയിലെ രാമൻതുരുത്തിലുള്ള സർക്കാർ ഭൂമിയിൽ (ബോൾഗാട്ടി പാലസിന് എതിർവശം16 ഏക്കർ) സ്വന്തം പേരിലുള്ള സ്പോർട്‌സ് അക്കാദമി തുടങ്ങാൻ അപേക്ഷ കൊടുത്ത് അത് നടക്കാതെ പോയതിലുള്ള വൈരാഗ്യവും, കാലാവധി തീരുന്നതിനു മുൻപ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്തുപോയതിന്‍റെ നിരാശയുമാണ് മുൻ സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റിന്‍റെ പ്രശ്‌നമെന്നും അത് കരഞ്ഞു തന്നെ തീർക്കട്ടെയെന്നുമാണ് പിവി ശ്രീനിജൻ എംഎൽഎ പരിഹസിച്ചത്. അതേസമയം കുട്ടികൾക്കുണ്ടായ പ്രയാസത്തിൽ എംഎൽഎ ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു.