എറണാകുളം: സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ കോലം കത്തിച്ച് വിശ്വാസികളുടെ പ്രതിഷേധം. കുർബാന ഏകീകരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളില്‍ ഒരു വിഭാഗമാണ് പ്രതിഷേധം ശക്തമാക്കിയത്. അൽമായ മുന്നേറ്റം അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
അതിരൂപതയിൽ ജനാഭിമുഖ കുർബാനയല്ലാതെ മറ്റൊരു രീതിയും അടിച്ചേൽപ്പിക്കാൻ ആരെയും അനുവദിക്കില്ലന്ന് അൽമായ മുന്നേറ്റം പ്രഖാപിച്ചു. എറണാകുളം അതിരൂപതയുടെ സാംസ്‌കാരിക പൈതൃകത്തിനെതിരെ നിലപാടെടുക്കുന്ന വൈദികരെ അതിരൂപതയുടെ മുഴുവൻ ചുമതലകളിൽ നിന്നും മാറ്റി നിർത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
അതിരൂപത വൈദിക സമ്മേളനം കലൂർ റിന്യൂവൽ സെന്‍ററിൽ നടക്കുമ്പോൾ വൈദികർക്കും മാർ ആന്‍റണി കരിയിലിനും പിന്തുണയർപ്പിച്ചാണ് വിശ്വാസികളെത്തിയത്. എറണാകുളം അതിരൂപതയെ സാംസ്‌കാരികമായും സാമ്പത്തികമായും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കർദിനാൾ ആലഞ്ചേരിയെ പൂർണമായും ബഹിഷ്‌കരിക്കുക എന്ന ആവശ്യം ഉന്നയിച്ച വിശ്വാസികൾ, അദ്ദേഹത്തിന്‍റെയും ഓറിയന്‍റൽ കോൺഗ്രിയേഷൻ പ്രതിനിധി കർദിനാൾ സാന്ദ്രിയുടെയും കോലം കത്തിക്കുകയായിരുന്നു.
ALSO READ: നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം; മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടു