എറണാകുളം: തിരുപ്പിറവിയുടെ സന്ദേശവുമായി ഇന്ന് ക്രിസ്‌മസ്. ക്രിസ്‌തുമത വിശ്വാസികൾ ഉണ്ണിയേശുവിന്‍റെ പിറന്നാൾ ദിനം ആഘോഷിക്കുകയാണ്. ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായാണ് ഉണ്ണിയേശു പിറന്നത്.
തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി കൊച്ചിയിലെങ്ങും ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ഥനാ ശുശ്രൂക്ഷകള്‍ നടന്നു. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടന്ന പാതിരാ കുർബാനയുൾപ്പടെയുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകി.
എല്ലാവരെയും സ്നേഹത്താൽ കോർത്തിണയ്ക്കുന്ന സംസ്‌കാരം സൃഷ്‌ടിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യേശുക്രിസ്‌തു എല്ലാവരുടെയും രക്ഷകനാണെന്ന സന്ദേശം അറിയിക്കുകയാണ് ആഘോഷങ്ങളുടെ ലക്ഷ്യമെന്നും കർദ്ദിനാൾ ക്രിസ്‌മസ് സന്ദേശത്തിൽ വ്യക്തമാക്കി. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് എറണാകുളം സെന്‍റ് മേരീസ് ബസലിക്ക ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ല ഭരണകൂടം കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ഇത്തവണ കർദിനാൾ ക്രിസ്‌മസ് ആഘോഷം സഭ ആസ്ഥാനത്തേക്ക് മാറ്റിയത്.
വരാപ്പുഴ ലത്തീൻ അതിരൂപത ആസ്ഥാനമായ സെന്‍റ് അസീസി കത്തീഡ്രലിൽ നടന്ന പാതിരാ കുർബാനയ്ക്ക് ആർച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിൽ കാർമ്മികത്വം വഹിച്ചു. പ്രദക്ഷിണത്തോടെയായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. ശേഷം അൾത്താരയിലെ ഉണ്ണിയേശുവിന്‍റെ രൂപം പുൽക്കൂട്ടിൽ പ്രതിഷ്‌ടിച്ചു. കരോൾ ഗാനങ്ങളുടെ ആലാപനവും അരങ്ങേറി.
ക്രിസ്‌മസിനെ സ്വീകരിച്ച് കൊച്ചിയിലെ ദേവാലയങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും അണിഞ്ഞൊരുങ്ങി. തിരുപിറവിയുടെ സന്തോഷം വിളംബരം ചെയ്‌ത് നക്ഷത്രങ്ങളും അലങ്കാര വിളക്കുകളുമാണ് കൊച്ചി നഗരത്തിലെവിടെയും ദൃശ്യമാകുന്നത്.