എറണാകുളം : സിബിഎൽ (ചാമ്പ്യൻസ് ബോട്ട് ലീഗ്) വള്ളംകളി രണ്ടാം സീസണിലെ വാശിയേറിയ അഞ്ചാം മത്സരത്തിൽ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജേതാക്കളായി. പായിപ്പാട് ചുണ്ടൻ രണ്ടാം സ്ഥാനവും ആയാപറമ്പ് പാണ്ടി ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാമതെത്തിയ ടീമിന് അഞ്ച് ലക്ഷമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനം നേടിയ ടീമുകള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്‌തു.
ഇന്ന് (ഒക്‌ടോബര്‍ എട്ട്) ഉച്ചയ്‌ക്ക് ശേഷമാണ് മത്സരം ആരംഭിച്ചത്. വൈകിട്ട് ആറുമണിയ്‌ക്ക് മുന്‍പ് മത്സരം പൂര്‍ത്തിയായി. ചാമ്പ്യന്‍സ് ബോട്ട് ലീഗിനോടനുബന്ധിച്ച് നടന്ന പ്രാദേശിക വള്ളംകളിയില്‍ ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളം താണിയനാണ് ഒന്നാമതെത്തിയത്. ഹനുമാൻ നമ്പർ വൺ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മറൈൻ ഡ്രൈവിൽ നടന്ന സിബിഎൽ മത്സരങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്‌തു.
ഒന്‍പത് ചുണ്ടൻ വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളുമാണ് മത്സരത്തിൽ പങ്കെടുത്തത്. ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ മാതൃകയിൽ നടത്തുന്ന സിബിഎല്ലിന്‍റെ രണ്ടാം സീസണിലെ ചുണ്ടൻ വളളങ്ങളുടെ മത്സരത്തിനൊപ്പം പ്രാദേശിക വള്ളംകളിയും നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളും സംഘടിപ്പിച്ചു.
വാട്ടർ സ്‌കീയിങ് അഭ്യാസവുമായി നാവികസേന : നാവികസേന നടത്തിയ സാഹസിക അഭ്യാസ പ്രകടനങ്ങൾ വള്ളംകളിയോടൊപ്പം കാഴ്‌ചക്കാർക്ക് ആവേശം പകർന്നു. വാട്ടർ സ്‌കീയിങ് പോലുള്ള അഭ്യാസ മുറകളാണ് നാവികസേന ഒരുക്കിയത്. തുടർന്നാണ് ചുണ്ടൻ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ഹീറ്റ്സുകളും ഫൈനലുകളും നടന്നത്. മറൈൻഡ്രൈവിലെ ഫിഷറീസ് ഓഫിസിന് മുൻപിൽ നിന്ന് ആരംഭിച്ച് രണ്ടാം മഴവിൽ പാലത്തിന് സമീപം ഫിനിഷിങ് പോയിന്‍റ് വരെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ട്രാക്കുകളിലായാണ് മത്സരം നടന്നത്.
മത്സര ഇടവേളകളിൽ അഭ്യാസ പ്രകടനങ്ങളും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) സംഘടിപ്പിച്ച 75 കലാകാരന്മാർ അണിനിരന്ന സാംസ്‌കാരിക പരിപാടികളും അവതരിപ്പിച്ചു. കായലിൽ വള്ളങ്ങളിൽ കെട്ടിയുണ്ടാക്കിയ സ്റ്റേജിലായിരുന്നു മത്സരങ്ങൾ നടന്നത്. ഈ വർഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ആയാപറമ്പ് പാണ്ടി ചുണ്ടൻ, സെന്‍റ് പയസ് ടെൻത് ചുണ്ടൻ, ദേവാസ് ചുണ്ടൻ, പായിപ്പാട് ചുണ്ടൻ എന്നിവയാണ് സിബിഎല്ലിലെ മത്സരത്തിൽ പങ്കെടുത്തത്.
കായല്‍ക്കരയിൽ ആർപ്പുവിളിയുമായി ആയിരങ്ങള്‍ : ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻ പറമ്പൻ, പൊഞ്ഞനത്തമ്മ, സെന്‍റ് സെബാസ്റ്റ്യൻ നമ്പർ ഒന്ന്, താണിയൻ, സെന്‍റ് ആന്‍റണി, ശരവണൻ, വലിയ പണ്ഡിതൻ, തിരുത്തിപ്പുറം, ഹനുമാൻ നമ്പർ ഒന്ന് എന്നിവയാണ് പ്രാദേശിക വള്ളംകളി മത്സരത്തിൽ മാറ്റുരച്ചത്. വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ എറണാകുളം എംഎൽഎ ടിജെ വിനോദ്, ചലച്ചിത്ര നടി മിയ, ഡിസിപി ശശിധരൻ എന്നിവർ വിതരണം ചെയ്‌തു. വള്ളംകളി മത്സരം നടന്ന കൊച്ചി കായലിന്‍റെ കരയിൽ ആയിരങ്ങളാണ് ആർപ്പുവിളികളുമായി ഒത്തുകൂടിയത്. കായലിൽ ബോട്ടുകളിലും വള്ളങ്ങളിലുമായി നിരവധി പേർ മത്സരം കണ്ടു. പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ ഇരുന്നാണ് വിശിഷ്‌ട വ്യക്തികളും വിദേശികളും മത്സരം വീക്ഷിച്ചത്.