എറണാകുളം: കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരിച്ച വാഹനാപകടക്കേസില്‍ പ്രതിയായ സൈജു തങ്കച്ചനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.
ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് സൈജുവിനെ ഇന്ന് ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കും. രണ്ട് തവണയായി ഏഴ് ദിവസമാണ് സൈജു തങ്കച്ചനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തത്. ഈ ചോദ്യം ചെയ്യലിനിടെയാണ് വിവിധയിടങ്ങളിലെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗം സംബന്ധിച്ച് സൈജു മൊഴി നൽകിയത്.
വാഗമൺ ലഹരിക്കേസിലെ പ്രതിയോടൊപ്പമുള്ള ചിത്രവും എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ സൈജു ഉപയോഗിക്കുന്നതിന്‍റെ ഉള്‍പ്പെടെ ദൃശ്യങ്ങളും ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു. മയക്കുമരുന്ന് വാങ്ങുക, ഉപയോഗിക്കുക, കൈമാറുക തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്‌തത്.
എറണാകുളം ജില്ലയിലെ 8 പൊലീസ് സ്റ്റേഷനുകള്‍ കൂടാതെ ഇടുക്കി വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലുമാണ് സൈജുവിനെതിരെ എന്‍ഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്തിരിക്കുന്നത്. മൂന്നാറില്‍ വെച്ച് കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് കഴിച്ചുവെന്ന് സൈജു സുഹൃത്തിനയച്ച ഫോണ്‍ സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വനംവകുപ്പിനും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നേരത്തെ ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടർന്നതിനും, മനപൂർവമല്ലാത്ത നരഹത്യയ്ക്കും, വാഹനാപകടത്തിന് കാരണക്കാരനായതിനുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തായിരുനു സൈജുവിനെ അറസ്റ്റ് ചെയ്‌തത്.
Also Read: എംപിമാരുടെ സസ്‌പെൻഷനില്‍ പ്രതിഷേധം തുടരും: എളമരം കരീം എംപി