എറണാകുളം : മധ്യപ്രദേശിൽ മിന്നൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സംസ്ഥാന പൊലീസും, ഇന്ത്യന്‍ സേനയും ഗാർഡ് ഓഫ് ഓണർ നൽകി. സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി പി.രാജീവ് അന്തിമോപചാരം അർപ്പിച്ചു.
നിർമൽ ശിവരാജിന്റെ ഭൗതിക ശരീരം ഇന്ന് (19.08.2022) ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ഭോപ്പാലിൽ നിന്ന് വിമാനമാർഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മൃതദേഹം മാമംഗലത്തെ വീട്ടിൽ പൊതുദർശനത്തിനുവച്ചു. ധീര ജവാന് അന്ത്യാഞ്ജലിയർപ്പിക്കാൻ ജനപ്രതിനിധികളും നാട്ടുകാരുമുൾപ്പടെ വൻ ജനാവലിയാണ് മാമംഗലത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വൈകുന്നേരം അഞ്ചരമണിയോടെ പച്ചാളം പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
ഓഗസ്‌റ്റ് 15ന് മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോയ നിർമൽ ശിവരാജിനെ കാണാതാവുകയായിരുന്നു. കാറിൽ യാത്ര ചെയ്യവെ ക്യാപ്റ്റൻ നിർമല്‍ ശിവരാജ് പ്രളയത്തിൽ അകപ്പെട്ടുവെന്നാണ് കരുതുന്നത്. വ്യാഴാഴ്ച രാവിലെയാണ് നിർമലിന്റെ കാർ പൂർണമായി തകർന്ന നിലയിൽ കണ്ടെത്തിയത്. കാർ കിട്ടിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി മൃതദേഹവും കണ്ടെത്തി. അണക്കെട്ട് തുറന്നതിനെ തുടർന്നാണ് ഈ പ്രദേശത്ത് പ്രളയമുണ്ടായത്.
കമ്പയിൻഡ് ഡിഫൻസ് സർവീസ് പരീക്ഷ പാസായി ഇരുപത്തിരണ്ടാം വയസ്സിലാണ് നിർമൽ ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്നത്. ഒന്നര വർഷത്തെ പരിശീലനം പൂർത്തിയാക്കി ലഫ്റ്റനന്റായി സർവീസിൽ പ്രവേശിച്ചു. രണ്ട് വർഷം അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയിലായിരുന്നു സേവനം. തുടർന്ന് രാജസ്ഥാനിൽ സൂരജ്ഘട്ടിൽ പാക് അതിർത്തിയിലും സേവനം അനുഷ്ഠിച്ചു.
ഭാര്യ ഗോപിചന്ദ്ര ജബൽപൂരിൽ സൈനിക ആശുപത്രിയിൽ നഴ്‌സാണ്. കൂത്താട്ടുകുളത്തെ റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥനായ പെരുമുഴിക്കൽ പി.കെ ശിവരാജന്റെയും സുബൈദയുടെയും മകനാണ് ക്യാപ്റ്റൻ നിര്‍മല്‍ ശിവരാജ്.