എറണാകുളം : കെസിഎയുടെ നേതൃത്വത്തില്‍ ജില്ല ക്രിക്കറ്റ് അസോസിയേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകള്‍ നിയമവിരുദ്ധമെന്ന ആരോപണവുമായി മത്സരാര്‍ഥികള്‍. സുപ്രീം കോടതി നിയമിച്ച ലോധ കമ്മിഷൻ നിർദേശപ്രകാരം പരിഷ്‌കരിച്ച നിയമാവലി പൂർണമായും അവഗണിച്ചാണ് പതിമൂന്ന് ജില്ലകളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഈ സാഹചര്യത്തില്‍ ശേഷിക്കുന്ന കണ്ണൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചു.
പരിഷ്‌കരിച്ച നിയമാവലി പരിഗണിക്കാതെയാണ് കെസിഎ സംസ്ഥാന പ്രതിനിധികളെയും തെരഞ്ഞെടുത്തതെന്നാണ് പരാതിക്കാരുടെ ആരോപണം. പുതുക്കിയ നിയമാവലി പ്രകാരം ഭാരവാഹി സ്ഥാനത്ത് ഒരാൾക്ക് തുടർച്ചയായി ആറ് വർഷം തുടരാം. ശേഷം മൂന്ന് വർഷത്തെ ഇടവേളയെടുത്ത് മൂന്ന് വർഷം ഉൾപ്പടെ ഒമ്പത് വർഷം മാത്രമാണ് തുടരാനാവുക. എന്നാൽ നിലവിൽ ജില്ലകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഈ യോഗ്യത പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയില്ലാത്തവരാണ്.
വിവിധ ക്രിക്കറ്റ് ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്ന മത്സരാർഥികൾ കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഭരണാധികാരിക്ക് വിഷയമുന്നയിച്ച് പരാതി നൽകിയെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല. ഇതേ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ചില ബിസിസിഐ ഭാരവാഹികളുടെയും അറിവോടെ നിയമാവലി അട്ടിമറിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നുവെന്നാണ് ഇവരുടെ ആരോപണം.
സ്ഥാപിത താല്‍പര്യക്കാരായ ഒരു പറ്റം ആളുകൾ കാലാകാലം അധികാര സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും, ഇവർ കേരള ക്രിക്കറ്റ് അസോസിയേഷനെ തകർക്കുകയാണെന്നും മത്സര രംഗത്തുള്ളവർ ആരോപിക്കുന്നു. ബിനീഷ് കോടിയേരി കണ്ണൂർ ജില്ലയിൽ നിന്നുള്ള സംസ്ഥാന പ്രതിനിധി സ്ഥാനത്തിനായി രണ്ടാം തവണയും മത്സര രംഗത്തുണ്ട്.എന്നാൽ ബിനീഷ് സ്വന്തം നിലയിലാണ് മത്സരിക്കുന്നതെന്നും പാർട്ടി പിന്തുണയില്ലെന്നുമാണ് സൂചന.