എറണാകുളം : ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ പ്രതിസന്ധി ആറാം ദിനവും തുടരുന്നു. പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തില്‍ നിന്ന് ഉയരുന്ന പുകയാണ് നഗരത്തില്‍ പ്രയാസം സൃഷ്‌ടിക്കുന്നത്. കണ്ടന്നൂര്‍, മരട്, വൈറ്റില എന്നീ നഗരങ്ങളില്‍ ഇന്ന് രാവിലെയും പുക പടര്‍ന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീ പിടിത്തമുണ്ടായത്.
പുക ശമിപ്പിക്കുന്നതിന് വ്യോമസേന ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനില്‍ നിന്ന് എത്തിക്കുന്ന ഹെലികോപ്‌റ്ററുകളാണ് ഇതിനായി ഉപയോഗിക്കുക. തീ പിടിത്തമുണ്ടായ പ്രദേശത്ത് മാലിന്യത്തിന്‍റെ അടിയില്‍ നിന്നും ഉയരുന്ന പുകയാണ് നിയന്ത്രണാതീതമായി തുടരുന്നത്.
ഇത് ശമിപ്പിക്കാന്‍ വേണ്ടി ജെസിബി ഉപയോഗിച്ച് നാല് മീറ്ററോളം താഴ്‌ചയില്‍ മാലിന്യം നീക്കി വലിയ പമ്പിന്‍റെ സഹായത്തോടെ വെള്ളം ചീറ്റിക്കുന്ന പ്രവര്‍ത്തനങ്ങളും സ്ഥലത്ത് പുരോഗമിക്കുന്നുണ്ട്. 30 ഫയര്‍ എഞ്ചിനുകളും 125 അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുമാണ് നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
മിനിട്ടില്‍ 60,000 ലിറ്റര്‍ വെള്ളമാണ് പമ്പ് ചെയ്യുന്നത്. ഇതിന് പുറമെ നാവികസേനയുടെ എയര്‍ ഡ്രോപ്പിങ് ഓപ്പറേഷന്‍ ഇന്നും തുടരും. തീ അണയ്‌ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളും ഇന്ന് സ്വീകരിക്കുന്നുണ്ട്.
ഇതിന്‍റെ ചുമതല എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള സംഘത്തിനാണ്. ഇവര്‍ ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്‌താകും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
ഭയപ്പെടേണ്ട ജാഗ്രത മതി : നിലവില്‍ വായുവിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന അറിയിപ്പ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വായുവിലെ പിഎം വാല്യു കുറഞ്ഞുവരുന്നുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് വൈറ്റില സ്റ്റേഷനില്‍ 146 പിഎം, ഏലൂര്‍ സ്റ്റേഷനില്‍ 92 പിഎം എന്നിങ്ങനെയാണ് തോത് രേഖപ്പെടുത്തിയത്.
അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം നിര്‍ദേശം നല്‍കി.
അമ്പലമേട്ടില്‍ ബദല്‍ സംവിധാനം : നഗരത്തിലെ വീട്, ഫ്ലാറ്റ്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ജൈവ മാലിന്യം താത്കാലികമായി അമ്പലമേട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് തീരുമാനം. കിന്‍ഫ്രയുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്താണ് മാലിന്യം താത്‌കാലികമായി സംസ്‌കരിക്കുക. ഇതിന്‍റെ നടപടികളും ഇന്ന് മുതലാണ് ആരംഭിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടം കൊച്ചി കോര്‍പറേഷന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കോര്‍പറേഷന്‍, കിന്‍ഫ്ര, ഫാക്‌ട് എന്നിവ സംയുക്തമായാണ് ഇതിന് നടപടി സ്വീകരിക്കുന്നത്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ ആയിരിക്കും അമ്പലമേട്ടിലെത്തിച്ച് സംസ്‌കരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി : പ്രസ്തുത പ്രശ്നത്തിന്‍റെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങള്‍ക്ക് ഇന്നും അവധിയാണ്. മുന്‍കരുതലിന്‍റെ ഭാഗമായാണ് സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയത്.