എറണാകുളം: കേരളത്തിലെ ഇസ്ലാമിക തീവ്രവാദം സജീവമാണെന്നതിന്റെ തെളിവാണ് കനകമല കേസിലെ വിധിയെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. കേരളത്തിലെ ഇന്റലിജൻസ് മേഖലയിൽ ഭീകരവാദ സെല്ലുകൾ സജീവമാണെന്നും ബി ഗോപാലകൃഷ്ണൻ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാത്തത് തീവ്രവാദ പ്രസ്ഥാനങ്ങളെ സഹായിക്കാനാണ്. എംടി രമേശിനെ വധിക്കാൻ തീവ്രവാദ പ്രസ്ഥാനങ്ങൾ പദ്ധതി ഇട്ടത് അറിഞ്ഞിട്ടും സംസ്ഥാന സർക്കാർ അത് മറച്ചുവെച്ചന്നും ഭീഷണിയുടെ പശ്ചാത്തലത്തിൽ എംടി രമേശിന് സർക്കാർ സുരക്ഷ നൽകണമെന്നും പറഞ്ഞ ഗോപാലകൃഷ്ണൻ ഇടത് വലത് മുന്നണികൾ നാല് വോട്ടിന് വേണ്ടി ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് കുടപിടിക്കുകയാണെന്നും കുറ്റപ്പെടുത്തി.
കനകമലയില്‍ ഐഎസ് അനുകൂല യോഗം സംഘടിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ഇന്ന് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ തീവ്രവാദം സജീവമാണെന്ന് ചൂണ്ടികാട്ടി ബി ജെ പി സംസ്ഥാന വക്താവ് രംഗത്ത് വന്നിരിക്കുന്നത്.