കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മറവിലും മദ്യക്കച്ചവടം പുനരാരംഭിക്കാനുള്ള സർക്കാർ ശ്രമം അപലപനീയമാണെന്ന് ബെന്നി ബഹനാൻ എംപി. മദ്യനയത്തിൽ സർക്കാരിന് സാമൂഹ്യ പ്രതിബദ്ധതയില്ലെന്നും വരുമാനം മാത്രമാണ് കണക്കിലെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മദ്യലഭ്യത കുറഞ്ഞതോടെ ജനങ്ങളിൽ മദ്യവിമുക്തി ഉണ്ടാകുന്നതായാണ് ആരോഗ്യപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ സർക്കാർ ജനങ്ങളെ വീണ്ടും മദ്യത്തിലേക്ക് തള്ളിവിടുകയാണ്. കൊവിഡ് ഭീഷണിക്കിടയിലും മദ്യശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടി പാർലമെന്‍റ് മണ്ഡലത്തിലെ ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ മാസ്‌ക് വിതരണത്തിന്‍റെ ഉദ്ഘാടനം ആലുവ ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി നിർവഹിച്ചു.