എറണാകുളം: ബിഡിജെഎസ് പിളര്‍ന്നു. ബിഡിജെഎസിലെ ഒരു വിഭാഗം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ബിജെഎസ് (ഭാരതീയ ജന സേന ) എന്ന പേരിലാണ് പുതിയ രാഷ്ട്രീയ സംഘടന പ്രവർത്തിക്കുക. എൻ കെ നീലകണ്ഠൻ മാസ്റ്റര്‍, വി ഗോപകുമാര്‍, കെകെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. പതിനൊന്ന് ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന് വിമത വിഭാഗം അറിയിച്ചു. പുതിയ പാർട്ടി യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കും.
എൻ.ഡി.എ ബന്ധം ഉപേക്ഷിക്കാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചതെന്ന് ബി.ജെ.എസ് വർക്കിംഗ് പ്രസിഡന്‍റ് വി.ഗോപകുമാർ അറിയിച്ചു.വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടി പ്രവർത്തിക്കും. ശബരിമല വിഷയത്തിൽ ബി.ജെ.പി വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നു. യു.ഡി എഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ സ്ത്രീ പ്രവേശനം തടഞ്ഞ് ഓർഡിനൻസ് കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ട്. ബി.ജെ.പിയുടെ അടിയാന്മാരായി . ബി.ഡി. ജെ.എസ് മാറിയെന്നും ബി.ജെ.എസ് നേതാക്കൾ പറഞ്ഞു.
തങ്ങൾ എസ്.എൻ.ഡി.പിയോഗത്തിന് എതിരല്ല. വെള്ളാപള്ളി നടേശന്‍റെ അനുഗ്രഹം പുതിയ പാർട്ടിക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി.ജെ.എസ് നേതാക്കൾ പറഞ്ഞു. ബിജെപി ആത്മാഭിമാനത്തെ ചോദ്യം ചെയ്തെന്നും ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ച് കോൺഗ്രസ് മുക്ത കേരളം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ബിജെഎസ് ഭാരവാഹികൾ ആരോപിച്ചു.
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്കിടെ പുതിയ പാർട്ടി യുഡിഎഫിന്‍റെ ഭാഗമാകും. പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു വെന്നും ഭാരവാഹികൾ അറിയിച്ചു. പാർട്ടി പ്രഖ്യാപനത്തിന് ശേഷം ബിജെഎസ് നേതാക്കൾ മുസ്ലിം ലീഗ് നേതാവ് സ്വാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി. യു.ഡി.എഫിലേക്ക് വരുന്നത് ബി.ജെ.എസിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. ഔദ്യോഗിക തീരുമാനം ചർച്ചകൾക്ക് ശേഷമുണ്ടാകും .മാനസികമായി ബി ജെ.എസ് മുന്നണിയുടെ ഭാഗമായെന്നും സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബി.ജെ.എസ് നേതാക്കളെ അദ്ദേഹം ഹാരാർപ്പണം നടത്തുകയും, അവർക്കൊപ്പം കേക്ക് മുറിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി കെ.എസ്. വിജയന്‍, ട്രഷറർ ബൈജു എസ്.പിള്ള എന്നിവരാണ് സംസ്ഥാന ഭാരവാഹികൾ . പതിനഞ്ച് അംഗ സംസ്ഥാന സെക്രട്ടറിയേറ്റും 50 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തതായും ബി.ജെ.എസ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.