എറണാകുളം: വഞ്ചിയൂർ കോടതി മജിസ്ട്രേറ്റ് ദീപ മോഹനെതിരെ ബാർ കൗൺസിൽ രംഗത്ത്. ബാർ കൗൺസിൽ പ്രതിനിധികൾ തിങ്കളാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി വിഷയം ചർച്ച ചെയ്യും. സംഭവത്തില്‍ സിറ്റിങ് ജഡ്ജിയും ബാർ കൗൺസിൽ ചെയർമാനും ഉൾപ്പെടുന്ന സമിതിയെ നിശ്ചയിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടും. ഇന്ന് കൊച്ചിയിൽ നടന്ന ബാർ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
വഞ്ചിയൂർ കോടതിയിലെ സംഭവങ്ങൾക്ക് കാരണം, ജൂനിയർ മജിസ്ട്രേറ്റിന്റെ പക്വത കുറവെന്നും കേരള ബാർ കൗൺസിൽ ചെയർമാൻ ഇ. ഷാനവാസ് ഖാൻ ഇടിവി ഭാരതിനോട് പറഞ്ഞു. ബാർ അസോസിയേഷൻ ഭാരവാഹികളെ കാണാൻ പോലും മജിസ്ട്രേറ്റ് സന്മനസ് കാണിച്ചില്ല. ഇവരെ കുറിച്ച് മുൻപും നിരവധി പരാതികളുണ്ടായിട്ടുണ്ട്.
സീനിയർ അഭിഭാഷകരെ പോലും വൈകുന്നേരം വരെ കോടതിയിലിരുത്തി കേസ് മാറ്റിവെക്കുന്ന രീതിയാണ് മജിസ്ട്രേറ്റ് സ്വീകരിക്കുന്നത്. ഇതിൽ സന്തോഷം കാണുന്ന മാനസികാവസ്ഥയാണ് മജിസ്ട്രേറ്റിനുള്ളത്. വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയതിന്റെ പേരിൽ ഈ മജിസ്ട്രേറ്റിനെതിരെ പരാതി നിലനിൽക്കുന്നുണ്ട്. ബാർ കൗൺസിൽ രേഖകളിൽ അവരിപ്പോഴും അഭിഭാഷകയാണ്. മജിസ്ട്രേറ്റായതിന് ശേഷം സന്നത് മരവിപ്പിച്ചില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്.
വഞ്ചിയൂർ കോടതിയിലെ പ്രശ്നങ്ങളുടെ പേരിൽ കേസെടുത്ത അഭിഭാഷകർ ജാമ്യമെടുക്കുകയോ, പൊലീസിൽ കീഴടങ്ങുകയോ ചെയ്യില്ലെന്നും ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി. കോടതിയിൽ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ചുവെന്നത് ശരിയല്ല. മജിസ്ട്രേറ്റിനെതിരെ നടപടിയെടുക്കണമെന്ന് ബാർ കൗൺസിൽ ആവശ്യപ്പെടുന്നില്ല. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.