എറണാകുളം : പോണേക്കര എസ്.ബി.ഐ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയില്‍. രാജസ്ഥാൻ സ്വദേശികളായ ഷാഹിദ് ഖാൻ, ഹാഷിം അലി എന്നിവരാണ് കൊച്ചിയിൽ അറസ്റ്റിലായത്. എ.ടി.എമ്മിൽ നിന്ന് ഒന്നര ലക്ഷത്തിലധികം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
തട്ടിപ്പ് വൈദ്യുതി ബന്ധം വിഛേദിച്ച്
പത്ത് ലക്ഷത്തോളം രൂപ കവർന്നതായി സംശയിക്കുന്നു. പിന്നിൽ വമ്പന്‍ റാക്കറ്റ് ഉണ്ടോയെന്ന് അന്വഷിക്കുമെന്നും കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസ് ഐ.പി.എസ് അറിയിച്ചു. 2021 ഡിസംബർ 25, 26 തിയ്യതികളിലായിരുന്നു സംഭവം. എസ്.ബി.ഐ എ.ടി.എമ്മിലെ സോഫ്റ്റ്‌വെയർ പോരായ്‌മയാണ് ഇവർ മുതലെടുത്തത്.
മെഷീനിൽ എ.ടി.എം കാർഡ് ഇട്ട് ആവശ്യമായ തുക ടൈപ്പ് ചെയ്‌ത് പണം പുറത്തേക്ക് വരുന്നതിനിടയിൽ കൗണ്ടറിലെ വൈദ്യുതി ബന്ധം വിഛേദിക്കും. തുടര്‍ന്ന്, എ.ടി.എമ്മിൽ നിന്ന് പണം ലഭിച്ചില്ലെന്നും അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെട്ടുവെന്നും പരാതിയുമായി ബാങ്കിനെ സമീപിക്കും. ഇങ്ങനെ എട്ടുതവണ പണം ലഭിച്ചില്ലെന്ന് പരാതിപ്പെട്ടാണ് ഇവര്‍ പണം തട്ടിയത്.
40 ലധികം എ.ടി.എം കാര്‍ഡുകള്‍
വ്യത്യസ്‌ത കാര്‍ഡുകളാണ് ഇതിനായി ഉപയോഗിച്ചത്. സി.സി.സി.ടി.വി ക്യാമറ പരിശോധിച്ചാണ് പ്രതികളെ വലയിലാക്കിയത്. രാജസ്ഥാനിൽ നിന്നും തീവണ്ടി മാർഗം എത്തി തട്ടിപ്പ് നടത്തി വിമാന മാർഗം മടങ്ങി പോകുന്നതായിരുന്നു പ്രതികളുടെ രീതി. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് കൊച്ചി ഡി.സി.പി പറഞ്ഞു.
എളമക്കര, വൈപ്പിൻ എ.ടി.എമ്മുകളില്‍ പ്രതികള്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നു. സമീപത്തെ എസ്.ബി.ഐ ബ്രാഞ്ചുകളില്‍ പരാതിയുമായി ചെന്നെങ്കിലും പണം നല്‍കിയിരുന്നില്ല. പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പണം നല്‍കാമെന്നായിരുന്നു മറ്റ് ബാങ്ക് അധികൃതരുടെ മറുപടി. പ്രതികളിൽ നിന്ന് 40 ലധികം എ.ടി.എം കാർഡുകളും, ആധാർ കാർഡുകളും പണവും പൊലീസ് പിടിച്ചെടുത്തു.
ALSO READ: ഭാര്യയും ഭർത്താവും വീടിനുള്ളിൽ മരിച്ച നിലയിൽ