കൊച്ചി: യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ കോടതിയുടെ പരിഗണനക്കെത്തിയ ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് കണ്ടെടുത്തിട്ടുള്ള ലഘുലേഖകളും പോസ്റ്ററുകളും യുഎപിഎ നിയമം ചുമത്താൻ ഗൗരവമുള്ളതല്ലെന്നാണ് അലനും താഹയും കോടതിയെ അറിയിച്ചിട്ടുള്ളത്.
നേരത്തെ ഇരുവരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നെങ്കിലും പ്രതികളിൽ ഒരാളുടെ കൈയ്യക്ഷരം പരിശോധിക്കണമെന്നും ഇയാൾ ചികിത്സയിലാണെന്നും പൊലീസ് കോടതി അറിയിച്ചിരുന്നു. അലനെയും താഹയെയും പന്തീരാങ്കാവ് പൊലീസാണ് യുഎപിഎ ചുമത്തിയത്. ഇരുവരെയും ഈ മാസം 30 വരെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.