എറണാകുളം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ (Puthuppally Bypoll) ഭൂരിപക്ഷം സംബന്ധിച്ച വാക്കുതർക്കത്തെ തുടർന്ന് കാലടിയിൽ (Kalady) ഒരാൾക്ക് വെട്ടേറ്റു. കാലടി സ്വദേശി കുന്നേക്കാടൻ ജോൺസനെ സിപിഎം (CPM) പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസി കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ആരോപണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ഇങ്ങനെ: ഇരുവരും തമ്മിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷം (Puthuppally Vote Majority) സംബന്ധിച്ച് ഇന്നലെ വാക്ക് തർക്കമുണ്ടായിരുന്നു. അകന്ന ബന്ധുക്കളായ ഇരുവരും തമ്മിൽ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ (Chandy Oommen) വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ജോൺസൻ വാദിച്ചതാണ് സിപിഎം പ്രവർത്തകനായ ദേവസിയെ പ്രകോപിപ്പിച്ചത്. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണം നടന്നത്.
ദേവസി ഉൾപ്പടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തന്നെ ആക്രമിച്ചെന്നാണ് ജോൺസൻ പൊലീസിനെ അറിയിച്ചത്. ദേവസിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും. കാലടി പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.