എറണാകുളം : മഹാരാജാസ് കോളജിൽ എസ്.എഫ് ഐ പ്രവർത്തകന് ക്യാമ്പസിൽവച്ച് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ (KSU Activist Arrested). ഏട്ടാം പ്രതിയും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ ഇജി ലാലിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. കെ.എസ്.യു പ്രവർത്തകനായ ഇയാൾ കണ്ണൂർ സ്വദേശിയാണ്. വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പതിനഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരെല്ലാവരും മഹാരാജാസ് കോളജ് വിദ്യാർത്ഥികളും ഫ്രറ്റേണിറ്റി, കെ. എസ്. യു പ്രവർത്തകരുമാണ്.
എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്‌ദുറഹ്‌മാന് ബുധനാഴ്‌ച രാത്രി പതിനൊന്നര മണിയോടെയാണ് ക്യാമ്പസിൽവച്ച് കുത്തേറ്റത്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിനും കൈക്കും വയറിനും പരിക്കേറ്റിരുന്നു. എന്നാല്‍ ഇത് ഗുരുതരമല്ല. പ്രതികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ വരയുകയായിരുന്നു. ബുധനാഴ്‌ച രാത്രി നാടകപരിശീലനം കഴിഞ്ഞ് മടങ്ങവേ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.
ഫ്രറ്റേണിറ്റി കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ബുധനാഴ്‌ച കോളജിൽ അറബിക് ഡിപ്പാർട്ട്മെന്‍റ് അധ്യാപകനായ നിസാമുദ്ദീന് മർദ്ദനമേറ്റതായി പരാതി ഉയർന്നിരുന്നു. ഹാജർ കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തർക്കത്തിൽ വിദ്യാർത്ഥി ആക്രമണം നടത്തിയെന്നാണ് അധ്യാപകൻ പറയുന്നത്. ഇതേത്തുടര്‍ന്ന് ഒരു വിദ്യാർത്ഥിയെ കോളജിൽ നിന്ന് സസ്പെന്‍റ് ചെയ്‌തിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു.
അധ്യാപകനെതിരായ ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് ആരോപിച്ച്
ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ബുധനാഴ്‌ച രാത്രി വൈകി ക്യാമ്പസിലുണ്ടായ സംഘർഷം. എസ് എഫ് ഐ പ്രവർത്തകന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഫ്രറ്റേണിറ്റി പ്രവർത്തകനായ ബിലാൽ, കെ.എസ്.യു പ്രവർത്തകനായ അമൽ ടോമി എന്നിവർക്ക് നേരെയും ആക്രമണം നടന്നിരുന്നു. സാരമായി പരിക്കേറ്റ ഇരുവർക്കെതിരെയും പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
പാലക്കാട് ഒറപ്പാലം സ്വദേശിയായ ബിലാലിനെ എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി പുലർച്ചെ 1:30 ഓടെയാണ് ക്രൂരമായി മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് ശരീരമാസകലം വരയുകയും ചെയ്‌തത്. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച ബിലാലിനെതിരെ ഭീഷണിയുമായി എസ് എഫ് ഐ പ്രവർത്തകർ അവിടെയും എത്തിയതായാണ് ആരോപണം. ഇതേ തുടർന്ന് ബിലാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ആംബുലൻസിൽ കയറ്റിയ വേളയിൽ എസ് എഫ് ഐ പ്രവർത്തകർ അതില്‍ കയറിയും ബിലാലിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. പൊലീസെത്തിയാണ് ആക്രമണം നടത്തിയവരെ പിടിച്ചുമാറ്റിയത് .
Also Read: ഫ്രട്ടേണിറ്റിയിൽ ഉള്ളത് പോപ്പുലർ ഫ്രണ്ടുകാർ, കെഎസ്‌യു സംരക്ഷിക്കുന്നത് ഇത്തരം സംഘങ്ങളെ; പിഎം ആർഷോ
ബിലാലിനെതിരെ ആക്രമണം നടത്തിയവർ കയ്യേറ്റം ചെയ്‌തുവെന്ന എറണാകുളം ജനറലാശുപത്രിയിലെ ഡോക്ടറുടെ പരാതിയിലും പൊലീസ് കേസെടുത്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം മഹാരാജാസ് കോളജ് വീണ്ടും സംഘർഷ ഭരിതമാകുന്ന സാഹചര്യത്തിൽ പൊലീസ് സമാധാനാന്തരീക്ഷം നിലനിർത്താൻ ആവശ്യമായ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി നാല് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തത്. അതേസമയം സംഘർഷത്തെ തുടർന്ന് കോളജും, ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു.